'തൊഴിലാളി വർഗപാർട്ടിയുടെ നേതാവല്ലേ?', ആരിഫിന്‍റെ പരാമർശം വേദനിപ്പിച്ചെന്ന് അരിത

By Web TeamFirst Published Apr 5, 2021, 3:50 PM IST
Highlights

'ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചത്', അരിത പറയുന്നു.

കായംകുളം: തനിക്കെതിരായി ആലപ്പുഴ എംപി എ എം ആരിഫ് നടത്തിയ പ്രസ്താവന ഏറെ വിഷമിപ്പിച്ചെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് അദ്ദേഹം അപമാനിച്ചത്- അരിത പറയുന്നു. 

''ഒരു ജനപ്രതിനിധിയാണ് ബഹുമാനപ്പെട്ട എംപി. ഞാനുൾപ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ്. എന്നെ മാത്രമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഈ നാട്ടിലെ അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം ഇങ്ങനെ അപമാനിച്ചത്, അവഹേളിച്ചത്. രാഷ്ട്രീയത്തിൽ നിൽക്കുന്ന പലർക്കും അതൊരു വരുമാനമാർഗം കൂടിയായിരിക്കാം. പക്ഷേ രാഷ്ട്രീയം എനിക്ക് സേവനമാണ്. രാഷ്ട്രീയത്തിന് പുറമേ എനിക്ക് ജീവിക്കാനുള്ള വക ഞാൻ അധ്വാനിച്ചാണ് കണ്ടെത്തുന്നത് എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ഈ പരാമർശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്'', എന്ന് അരിത ബാബു. 

കായംകുളത്ത് നടന്ന വനിതാ സംഗമത്തിലായിരുന്നു ആരിഫിന്‍റെ വിവാദപരാമർശം. അഡ്വ. യു പ്രതിഭ എംഎൽഎയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു അരിതയുടെ ജോലിയെ ചൂണ്ടിക്കാട്ടി ആരിഫ് പ്രസംഗിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ആരിഫിന്‍റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. 

click me!