'ഇനി പരസ്യപ്രതികരണം പാടില്ല', അച്ചടക്കത്തിന്‍റെ വാളോങ്ങി ഹൈക്കമാൻഡ്

By Web TeamFirst Published Mar 17, 2021, 12:29 PM IST
Highlights

നിർദേശം ലംഘിച്ചാൽ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണം. കോൺഗ്രസ് പട്ടികയെച്ചൊല്ലി കണ്ണൂരിൽ കെ സുധാകരന്‍റെ തുറന്നുപറച്ചിൽ തന്നെയാണ് ഹൈക്കമാൻഡിനെ ഇത്തരത്തിൽ പെട്ടെന്നുള്ള നിർദേശം നൽകാൻ പ്രേരിപ്പിച്ചത്. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നാണ് കെ സുധാകരൻ തുറന്നടിച്ചത്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യപ്രതികരണങ്ങൾ ഇനി പാടില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്‍റെ വിലക്ക്. സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയിൽ അതൃപ്തിയുമായി പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയത്. നിർദേശം ലംഘിച്ചാൽ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

ഹൈക്കമാൻഡിനെ അടക്കം വിമർശിച്ചുള്ള കെ. സുധാകരന്‍റെ കടന്നാക്രമണം ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോൺഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപ്പുകൾ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരൻ തുറന്നടിച്ചത്. ഹൈക്കമാൻഡെന്നാൽ ഇപ്പോൾ സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല, കെ സി വേണുഗോപാലാണെന്ന തുറന്നുപറച്ചിലും കോൺഗ്രസ് നേതൃത്വത്തിന് ആഘാതമായി. കെ സി വേണുഗോപാലിന്‍റെ ഇടപെടലിനെതിരായ സുധാകരന്‍റെ അതൃപ്തി ഗ്രൂപ്പിന് അതീതമായി സംസ്ഥാനത്തെ പല നേതാക്കൾക്കുമുണ്ട്. 

മുടി മുറിച്ച് പാർട്ടി ഓഫീസിൽ നിന്നും കരഞ്ഞിറങ്ങിയ ലതികാ സുഭാഷ്, പ്രത്യാശ ഇല്ലെന്ന കെ.സുധാകരന്‍റെ തുറന്ന് പറച്ചിൽ. കേരളത്തിലുള്ളത് എ കോൺഗ്രസും ഐ കോൺഗ്രസുമെന്ന് പറഞ്ഞ് പാർട്ടി വിട്ട പി സി ചാക്കോ. ഇപ്പോഴില്ലെങ്കിൽ പിന്നെ ഭരണമില്ലെന്ന വിധം പൊരുതുന്ന കോൺഗ്രസ് ഓരോ ദിവസവും നേരിടുന്നത് പുതിയ പ്രതിസന്ധികൾ. പ്രത്യാശയില്ലാ പരാമർശം പിന്നെ തിരുത്തുമ്പോഴും പട്ടികയിലെ അതൃപ്തി സുധാകരൻ ആവർത്തിക്കുന്നു. പട്ടികയെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ മുമ്പും പതിവാണെങ്കിലും ഹൈക്കമാൻഡിനെ വരെ കുറ്റപ്പെടുത്തിയുള്ള വിമർശനം വരുന്നത് അസാധാരണം തന്നെയാണ്. 

പ്രധാന വില്ലൻ കെസി വേണുഗോപാലെന്ന കെ.സുധാകരന്‍റെ വിമർശനം ഒറ്റപ്പെട്ടതല്ല. ഹൈക്കമാൻഡ് പ്രതിനിധി എന്ന പേരിൽ ഇടപെടുന്ന വേണുഗോപാലിന്‍റെ യാഥാർത്ഥ ലക്ഷ്യം പുതുതായൊരു കെ സി ഗ്രൂപ്പാണെന്ന പരാതി നേരത്തെ എ- ഐ ഗ്രൂപ്പുകൾക്കുണ്ട്. കടുത്ത ആരോപണത്തിൽ കെ സി പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ കെസിയെ പിന്തുണച്ചും സുധാകരനെ തള്ളിയും സംസ്ഥാന നേതാക്കൾ പട്ടികയെ പുകഴ്ത്തി രംഗത്തെത്തുകയാണ്. അവസാനലാപ്പിലോടുമ്പോൾ തമ്മിലടി പാർട്ടിയെ ഗുരുതരമായി ബാധിക്കുമോ എന്ന പേടിയിലാണ് കോൺഗ്രസ് നേതൃത്വം. 

click me!