'വട്ടിയൂർക്കാവിനെക്കുറിച്ച് ആരും എന്നോട് ചോദിച്ചില്ല, എല്ലാം പഴയപടി', തുറന്നടിച്ച് കെ മുരളീധരൻ

By Web TeamFirst Published Mar 4, 2021, 11:36 AM IST
Highlights

പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന തുറന്ന വിമർശനമുന്നയിക്കുകയാണ് കെ മുരളീധരൻ. ഉള്ള അനുകൂലസാഹചര്യം കളഞ്ഞുകുളിക്കരുതെന്ന് പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നു. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിൽ താനുമായി ചർച്ച നടത്തിയിട്ടില്ലെന്നും മുരളി ഏഷ്യാനെറ്റ് ന്യൂസിനോട്. 

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്ന തുറന്ന വിമർശനവുമായി കെ മുരളീധരൻ എംപി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കാൻ പത്തംഗസമിതിയുണ്ടെങ്കിലും മൂന്നംഗസമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. വട്ടിയൂർക്കാവിൽ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ടോ താനുമായി പാർട്ടി നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ല. ഉള്ള അനുകൂലസാഹചര്യം കളഞ്ഞു കുളിക്കരുതെന്നും പാർട്ടി നേതൃത്വത്തിന് കെ മുരളീധരൻ മുന്നറിയിപ്പ് നൽകുന്നു. 

''വട്ടിയൂർക്കാവിൽ ഇതുവരെ എന്നോടൊരു അഭിപ്രായവും ചോദിച്ചിട്ടില്ല. ഞാനങ്ങോട്ട് കയറി അഭിപ്രായം പറയാനും പോയിട്ടില്ല. ബന്ധപ്പെടട്ടെ, അപ്പോ അഭിപ്രായം പറയാം. വട്ടിയൂർക്കാവിൽ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാലും അവിടെ ഞാൻ പ്രചാരണത്തിന് പോകുമല്ലോ. സ്ഥാനാർത്ഥി നിർണയം പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നടത്തണം'', എന്ന് കെ മുരളീധരൻ. 

ഇത്തവണ വട്ടിയൂർക്കാവിൽ സുരേഷ് ഗോപി അടക്കമുള്ളവരെ കളത്തിലിറക്കുമെന്ന റിപ്പോർട്ടുകൾ വരുമ്പോൾ, മത്സരിക്കുമോ എന്ന ചോദ്യത്തിന് മുരളീധരന്‍റെ മറുപടി ഇങ്ങനെ: ''ഇത്തവണ ഞാൻ മത്സരിക്കില്ല. മത്സരിക്കേണ്ട സാഹചര്യവുമില്ല. ഏഴാം തീയതി ഞാൻ ദില്ലിക്ക് പോകും. പിന്നീട് സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുത്ത ശേഷമേ ഞാൻ തിരിച്ചുവരൂ'', എന്ന് കെ മുരളീധരൻ.

ആർഎംപിഐയുമായി ചർച്ചകളും നീക്കുപോക്കും വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെടുന്നു. വടകരയിൽ അവരെ ഒപ്പം നിർത്തുന്നത് ഗുണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം താനുമായി ബന്ധപ്പെടുന്നുമുണ്ടെന്ന് കെ മുരളീധരൻ പറയുന്നു. സമാനചിന്താഗതിക്കാരുമായി സഹകരിച്ച് തന്നെയേ മുന്നോട്ടുപോകാനാകൂ. ആ സഖ്യം കൊണ്ട് വടകരയിൽ ആ‌ർഎംപി ഉൾപ്പെട്ട മുന്നണിയുടെ നേതൃത്വത്തിൽ മൂന്ന് പഞ്ചായത്തുകൾ യുഡിഎഫാണല്ലോ ഭരിക്കുന്നത്. ആർഎംപിയുടെ സാന്നിധ്യം യുഡിഎഫിന് കരുത്ത് പകരും. കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിൽ അതിന്‍റെ സ്വാധീനമുണ്ടാകും. എല്ലായിടത്തും കോൺഗ്രസിന് മത്സരിക്കാൻ പറ്റില്ലല്ലോ- എന്ന് മുരളീധരൻ. 

click me!