'സജീവ് ജോസഫിന് സീറ്റ്, ഫലം ദുരന്തമാകും', തുറന്നടിച്ച് സോണി, കണ്ണൂരിൽ കലാപം

By Web TeamFirst Published Mar 15, 2021, 9:33 AM IST
Highlights

''അവസാനനിമിഷം തന്നെ തഴഞ്ഞത് അംഗീകരിക്കാനാകില്ലെന്നാണ് സോണിയാ സെബാസ്റ്റ്യൻ പറയുന്നത്. വിഭാഗീയപ്രവർത്തനം നടത്തുന്നയാൾക്കാണ് സീറ്റ് നൽകിയത്. സജീവ് ജോസഫിന് സീറ്റ് നൽകിയതിന്‍റെ ഫലം ദുരന്തമായിരിക്കും''

കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തെച്ചൊല്ലി കണ്ണൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി. സജീവ് ജോസഫിന് സീറ്റ് നൽകിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ജില്ലയിൽ കോൺഗ്രസിന് സാധ്യതയുള്ള മൂന്ന് സീറ്റുകളിലും എ ഗ്രൂപ്പ് യോഗം വിളിച്ചുവെന്നാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന സോണി സെബാസ്റ്റ്യൻ തുറന്നടിച്ചത്. ഇരിക്കൂർ മണ്ഡലത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി, കണ്ണൂർ, പേരാവൂർ സീറ്റുകളിലും പ്രതിഫലിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് സോണി സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്ന, എ ഗ്രൂപ്പ് നേതാക്കളുടെ പദ്ധതി. 

സജീവ് ജോസഫ് വിഭാഗീയപ്രവർത്തനം നടത്തുന്നയാളാണെന്നും, സീറ്റ് നൽകിയതിന്‍റെ ഫലം ദുരന്തമായിരിക്കുമെന്നും സോണി സെബാസ്റ്റ്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധിക്കാൻ തന്നെയാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്ന് സോണി സെബാസ്റ്റ്യൻ പറയുന്നു. 'സജീവ് ജോസഫ് വേണ്ടേവേണ്ട', എന്ന മുദ്രാവാക്യങ്ങളുമായി ബാനറുകളുമായി ഇരിക്കൂർ ടൗണിൽ എ ഗ്രൂപ്പ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പ് നടത്തിയ രാപ്പകൽ സമരത്തിനിടെ പന്തലിലേക്ക് പാഞ്ഞുകയറിയ ഐ ഗ്രൂപ്പ് പ്രവർത്തകർ തമ്മിലടിയുമായി. ഇതെല്ലാം അവഗണിച്ച് സജീവ് ജോസഫിന് തന്നെ സീറ്റ് നൽകിയതിലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നത്. 

എന്നാൽ, ദില്ലിയിൽ നേതാക്കളുടെ പെട്ടി പിടിച്ചുനടന്നയാൾ എന്ന ആരോപണം തന്നെ അപമാനിക്കാനാണ് എന്നാണ് സ്ഥാനാർത്ഥി സജീവ് ജോസഫ് പറയുന്നത്. രാജി വച്ച നേതാക്കളെ കൂടെ കൊണ്ടുവരും. സോണി സെബാസ്റ്റ്യനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സജീവ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!