അഴീക്കോട് മതിയെന്ന് കെ എം ഷാജി, കെട്ടിയിറക്കിയവരെ കാസർകോട്ട് വേണ്ടെന്ന് ലീഗ് ജില്ലാ നേതൃത്വം

By Web TeamFirst Published Mar 4, 2021, 2:47 PM IST
Highlights

അതേസമയം, വളപട്ടണത്തെ ലീഗിന്‍റെ പൊതുപരിപാടിയിൽ വച്ച് ലീഗ് പ്രവർത്തകനെതിരെ ഭീഷണി മുഴക്കിയതിനെ ന്യായീകരിച്ച് ഷാജി രംഗത്തെത്തി. 

കണ്ണൂർ: താൻ കാസർകോട് സീറ്റ് ആവശ്യപ്പെട്ട് ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചെന്ന വാർത്ത അഭ്യൂഹം മാത്രമെന്ന് കെഎം ഷാജി. മത്സരിക്കാൻ താൽപര്യം അഴീക്കോട് തന്നെയാണ്. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ ആദ്യ പരിഗണന അഴീക്കോടിന് അയിരിക്കുമെന്നും കെ എം ഷാജി പറ‍ഞ്ഞു. അതേസമയം, കെ എം ഷാജിക്കെതിരെ പരോക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ലീഗ് കാസർകോട് ജില്ലാ നേതൃത്വം. കെട്ടിയിറക്കിയ സ്ഥാനാർത്ഥികൾ കാസർകോട്ട് വേണ്ടെന്നും ജയസാധ്യതയില്ലെന്നുമാണ് ജില്ലാ നേതൃത്വം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അറിയിച്ചത്. ഇവിടെ ജയസാധ്യതയുള്ളവരെ പരിഗണിക്കണമെന്നും ലീഗ് ജില്ലാ നേതാക്കൾ തങ്ങളോട് പറഞ്ഞു. 

അതേസമയം, വളപട്ടണത്തെ ലീഗിന്‍റെ പൊതുപരിപാടിയിൽ വച്ച് ലീഗ് പ്രവർത്തകനെതിരെ ഭീഷണി മുഴക്കിയതിനെ ന്യായീകരിച്ച് ഷാജി രംഗത്തെത്തി. തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ വളപട്ടണത്ത് നടത്തിയ പ്രസംഗം ജനാധിപത്യപരമായ ഭീഷണിയാണെന്നാണ് കെ എം ഷാജി പറയുന്നത്. തന്നെയും തന്‍റെ കുടുംബത്തെയും പീഡിപ്പിച്ചവരെ നേരിടുക തന്നെ ചെയ്യും. തന്നെ തോൽപ്പിക്കാൻ നടത്തിയ കളികളുടെ ഡിജിറ്റൽ തെളിവ് കയ്യിലുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ നികേഷ് കുമാർ ഉപയോഗിച്ച ആളാണ് നൗഷാദ് പൂതപ്പാറ. ഇയാൾ ലീഗിൽ നിന്ന് പുറത്തായതോടെയാണ് ആരോപണങ്ങൾ വരുന്നതെന്നും ഷാജി പറഞ്ഞു. അഴീക്കോട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചത് ആരായാലും, അത് മുസ്ലീം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്‍റെ പണി കൊടുത്തിരിക്കുമെന്നായിരുന്നു ഷാജിയുടെ ഭീഷണി. ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും കണ്ണൂ‍ർ വളപട്ടണത്ത് യൂത്ത് ലീഗിന്‍റെ പൊതുപരിപാടിയില്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. 

click me!