കെ ബാബു ബിജെപിയിൽ ചേരാൻ ധാരണയായിരുന്നുവെന്ന് ഐ ഗ്രൂപ്പ്, ബാർ കോഴക്കേസിൽ കുറ്റവിമുക്തനല്ലെന്നും നേതാക്കൾ

By Web TeamFirst Published Mar 14, 2021, 12:44 PM IST
Highlights

കെ ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുള്ളത് സാമ്പത്തിക താത്പര്യങ്ങളാണ്. യുഡിഎഫിന് ഉണ്ടായ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കി

കൊച്ചി: കെ ബാബുവിനെ സ്ഥാനാർഥിയക്കിയതിനെതിരെ പരസ്യ പ്രതിഷേധവുമായി കൊച്ചിയിൽ ഐ ഗ്രൂപ്പ് രംഗത്തെത്തി. സീറ്റ് ലഭിച്ചില്ലെങ്കിൽ കെ.ബാബു ബിജെപിയിൽ ചേരാൻ  ധാരണയായിരുന്നുവെന്ന് കെപിസിസി അംഗം എ ബി സാബു, മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർ എന്നിവർ ആരോപിച്ചു. ബാർ കോഴ കേസിൽ കെ ബാബു കുറ്റവിമുക്തനായിട്ടില്ല. മറിച്ചുള്ള കെ ബാബുവിന്റെ അവകാശവാദം തെറ്റാണെന്നും ഇവർ പറഞ്ഞു.

ബാർ കോഴ കേസിൽ കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ഹർജി ഇപ്പോഴും കോടതിയിലാണ്. അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിക്ക് വേണ്ടി മാത്രം സീറ്റ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. കെ ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുള്ളത് സാമ്പത്തിക താത്പര്യങ്ങളാണ്. യുഡിഎഫിന് ഉണ്ടായ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കിയെന്നും തൃപ്പൂണിത്തുറയിൽ വിജയിക്കില്ലെന്നും ഇവർ പറഞ്ഞു.

മണ്ഡലത്തിൽ കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കിയത് കൊണ്ടുള്ള ഗുണം ബിജെപിക്കെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. കെ ബാബു സ്ഥാനാർത്ഥിയായതോടെ കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് ഒഴുകും. കെ ബാബുവിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഇവർ വ്യക്തമാക്കി. 

നേരത്തെ മണ്ഡലം പ്രസിഡന്റുമാർ മുതൽ ബൂത്ത് പ്രസിഡന്റുമാർ വരെയുള്ള പ്രാദേശിക നേതാക്കളുടെ പരസ്യ പ്രതിഷേധത്തിനും രാജിപ്രഖ്യാപനത്തിനും പിന്നാലെയാണ് കെ ബാബുവിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ബാബു പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് പരസ്യ വിമർശനവുമായി ഐ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയത്.

click me!