‌ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരം; മുല്ലപ്പള്ളി

Web Desk   | Asianet News
Published : Mar 15, 2021, 04:44 PM ISTUpdated : Mar 15, 2021, 07:09 PM IST
‌ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരം; മുല്ലപ്പള്ളി

Synopsis

ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണ്. അവര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂര്‍ സീറ്റാണ് ലതിക ചോദിച്ചത്. എന്നാല്‍ മുന്നണി മര്യാദയെ തുടര്‍ന്ന് ആ സീറ്റ് ഘടകകക്ഷിക്ക് നല്‍കാന്‍ നിര്‍ബന്ധിതമായി. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന്  നല്‍കിയതാണ്. അവര്‍ മത്സര രംഗത്ത് നിന്നും പിന്‍മാറിയാല്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ ധര്‍മ്മടത്ത് നിര്‍ത്തും. നേമത്തും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് താന്‍ ആദ്യം പറഞ്ഞതാണ്.അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു. ദില്ലിയില്‍ നിന്ന് തിരികെയത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണ്. അവര്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ആഗ്രഹിച്ചത്. ഏറ്റുമാനൂര്‍ സീറ്റാണ് ലതിക ചോദിച്ചത്. എന്നാല്‍ മുന്നണി മര്യാദയെ തുടര്‍ന്ന് ആ സീറ്റ് ഘടകകക്ഷിക്ക് നല്‍കാന്‍ നിര്‍ബന്ധിതമായി. അതുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയത് കേരളം കണ്ടതാണ്.മറ്റൊരു സീറ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ലതികാ സുഭാഷ് സ്വീകരിച്ചില്ല. തന്റെ പ്രിയപ്പെട്ട സഹോദരിയാണ് ലതികാ സുഭാഷ്. അവരുടെ ഭര്‍ത്താവ് സുഭാഷുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഒരു തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി സുഭാഷിന്  അവസരം നല്‍കി. സാധരണകുടുംബത്തിലെ അംഗമെന്ന നിലയിലാണ് പാര്‍ട്ടി സുഭാഷിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിത്.

താന്‍ കെപിസിസി അധ്യക്ഷനായത് മുതല്‍ സംഘടനാ രംഗത്ത് വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കി.കെപിസിസി പുന:സംഘടനയില്‍ കൂടുതല്‍ വനിതകളെ ഭാരവാഹികളാക്കി. ബൂത്ത് തലത്തില്‍ 25000 വനിതകളെയാണ് താന്‍ അധ്യക്ഷനായ ശേഷം വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്.അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പതിനഞ്ച് വനിതകളെയാണ് പരിഗണിച്ചത്.മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസിന്റേത്. 55 ശതമാനം പുതുമുഖങ്ങള്‍ക്ക് നല്‍കി. പ്രവര്‍ത്തന ശേഷിയും കഴിവും ജയസാധ്യതയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ മാനദണ്ഡമായി പരിഗണിച്ചത്.വിശദമായ ചര്‍ച്ചയിലൂടെയാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനുള്ള സംവിധാനം കോണ്‍ഗ്രസിനുണ്ട്.സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍ഹതയുള്ള നിരവധിപേര്‍ കോണ്‍ഗ്രസിലുണ്ട്.എന്നാല്‍ എല്ലാവരെയും പരിഗണിക്കാന്‍ കഴിയില്ലെന്നും അത് ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021