ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് ഘടകമായില്ലെന്ന് യുഡിഎഫ്; മൂന്ന് മുന്നണികളുടേയും വോട്ട് കിട്ടിയെന്ന് ലതിക

By Web TeamFirst Published Apr 8, 2021, 7:42 AM IST
Highlights

പ്രചാരണത്തിലടക്കം മൂന്ന് മുന്നണികളുടേയും ഒപ്പമെത്തിയ ലതികാ സുഭാഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ചങ്കിടിപ്പായിരുന്നു. പക്ഷേ ലതിക ഏറ്റുമാനൂരില്‍ 5000 വോട്ടിനപ്പുറം കടക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. 

കോട്ടയം: ഏറ്റുമാനൂരില്‍ ലതികാ സുഭാഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയിട്ടില്ലെന്ന് യുഡിഎഫ്. എന്നാല്‍ മൂന്ന് മുന്നണികളുടേയും വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ലതികാ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശക്തി കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കൂടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി വിഎൻ വാസവൻ.

ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് ഘടകമാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. പ്രചാരണത്തിലടക്കം മൂന്ന് മുന്നണികളുടേയും ഒപ്പമെത്തിയ ലതികാ സുഭാഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ചങ്കിടിപ്പായിരുന്നു. പക്ഷേ ലതിക ഏറ്റുമാനൂരില്‍ 5000 വോട്ടിനപ്പുറം കടക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. സീറ്റ് നിഷേധിച്ചത് കൊണ്ടുള്ള അസാധാരണ പ്രതിഷേധം താഴേ തട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് മുന്നണി വിലയിരുത്തുന്നു. 

ഏറ്റുമാനൂര്‍ മുൻസിപ്പല്‍ പരിധിയിലെ കുറച്ച് കോണ്‍ഗ്രസ് വോട്ടുകള്‍ ലതികയുടെ അക്കൗണ്ടിലേക്ക് പോകും. എന്നാല്‍, കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തിലും ഏറ്റുമാനൂര്‍ മുൻസിപ്പാലിറ്റിയിലും കടന്ന് കയറാനായി എന്നാണ് ലതികാ സുഭാഷ് പറയുന്നത്. സ്ത്രീ വോട്ടര്‍മാരുടെ ഇടയിലും സ്വാധീനമുണ്ടാക്കാനായി. 

അതേസമയം, എല്ലാക്കാലത്തേയും പോലെ തിരുവാര്‍പ്പ്, അയ്മനം കുമരകം പഞ്ചായത്തുകളിലെ മികച്ച പോളിംഗും ഈഴവ വോട്ടുകളിലെ ഏകീകരണവും ഗുണം ചെയ്യുമെന്നാണ് ഇടത് കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണ ഉറച്ച് നിന്ന നായർ വോട്ടുകൾ ഭിന്നിച്ചേക്കാമെന്ന ആശങ്ക ഇടത് ക്യാമ്പിനുണ്ട്. സ്വാധീനമേഖലകളിലെ ബിജെപിയുടെ കടന്ന് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടതും സിപിഎം പരിശോധിക്കുന്നു.

click me!