ഇനി സീറ്റ് തന്നാലും മത്സരിക്കില്ലെന്ന് ലതിക; 'ഭാവി പരിപാടി ഇന്ന് തീരുമാനിക്കും'

Web Desk   | Asianet News
Published : Mar 15, 2021, 07:32 AM IST
ഇനി സീറ്റ് തന്നാലും മത്സരിക്കില്ലെന്ന് ലതിക; 'ഭാവി പരിപാടി ഇന്ന് തീരുമാനിക്കും'

Synopsis

പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്. 

തിരുവനന്തപുരം: തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ്. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാൽ ഇത്തവണ  മത്സരിക്കില്ലെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് ലതിക പറയുന്നു. പി സി സി പ്രസിഡന്റ്‌ ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു
 ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ല ലതിക പറയുന്നു.

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേ അറ്റം വൈകാരിക പ്രതികരണവുമായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയത്. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതികാ സുഭാഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.

തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവച്ചത്. 

പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്. മികച്ച പട്ടികയെന്ന പേരിൽ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഇന്ദിരാ ഭവന് മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതോടെ നേതൃത്വം അക്ഷരാര്‍ത്ഥത്തിൽ പകച്ച അവസ്ഥയിലാണ് . 

നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻമനാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് അവര്‍ തുടക്കം മുതൽ പങ്കുവച്ചിരുന്നത്. ഇക്കാര്യം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന നേതാക്കളെ എല്ലാം അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവ പൂര്‍വ്വമായ സമീപനം പ്രതീക്ഷിച്ചിരുന്ന അവര്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. 

സ്ഥാനാര്‍ത്ഥി പട്ടികയിൽ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാൻ എന്നും ലതികാ സുഭാഷ് പറഞ്ഞു. ആരോടുമുള്ള പോരല്ല പ്രതിഷേധം. മറ്റൊരു പാര്‍ട്ടിയിലും പോകാൻ ഉദ്ദേശിക്കുന്നില്ല. മറ്റ് കാര്യങ്ങളെ കുറിച്ച് അടുപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

മാധ്യമങ്ങൾക്ക് മുന്നിൽ തല മുണ്ഡനം ചെയ്താണ് ലതികാ സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചത്.  

പിണറായി മോദി സര്‍ക്കാരിന്‍റെ സ്ത്രീ വരുദ്ധ നയങ്ങൾക്കെതിര ഒരു പകുതിയും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോൺഗ്രസ് നയത്തിനെതിരെ മറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തൽ ശക്തിയായി എന്നും ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകുമെന്നുമാണ് ലതികാ സുഭാഷിന്‍റെ പ്രതികരണം. 

അനുനയിപ്പിക്കാനെത്തിയ എംഎം ഹസ്സനോട് 15 വയസ്സുള്ള കുട്ടിയല്ലല്ലോ എന്ന ചോദ്യമാണ് ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

ഏറ്റുമാനൂര്‍ സീറ്റ് എവിടെ എന്ന് ചോദിച്ച ലതികാ സുഭാഷ്, ഉച്ച വരെ വൈപ്പിനിൽ മത്സരിക്കാനായേക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അതും ഉണ്ടായില്ല. നാട്ടിലേക്ക് പോകുകയാണ്. ഒപ്പം നിൽക്കുന്ന സാധാരണ പ്രവര്‍ത്തകരുടെ അഭിപ്രായം അറിഞ്ഞ ശേഷം അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫ് കൺവീനറുടെ കാല് തൊട്ട് വന്ദിക്കുകയും ചെയ്തു. 

നാൽപത് വര്‍ഷമായി നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നതാണ് മൂവര്‍ണക്കൊടിയെന്ന് ലതികാ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.  പാര്‍ട്ടി പെറ്റമ്മയെ പോലെയാണ്. അത് അപമാനിക്കപ്പെടരുതെന്നാണ് ആഗ്രഹം. സമയവും കാലവും ഇല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. വനിത എന്ന പരിമിതി എവിടെയും തസമായിട്ടില്ല. പറഞ്ഞിട്ടുമില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. 20 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പോലും കഴിഞ്ഞിട്ടില്ലെന്നും ലതികാ സുഭാഷ് പറയുന്നു

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021