തൃശ്ശൂരിൽ മുഴുവൻ സീറ്റും ഉറപ്പെന്ന് എൽഡിഎഫ്, ഏഴ് സീറ്റ് വരെ പ്രതീക്ഷിച്ച് യുഡിഎഫ്; ആത്മവിശ്വാസത്തിൽ ബിജെപി

By Web TeamFirst Published Apr 9, 2021, 7:03 AM IST
Highlights

കഴിഞ്ഞ തവണ വെറും 43 വോട്ടിന് നഷ്ടപ്പെട്ട വടക്കാഞ്ചേരി ഉൾപ്പെടെ 13 സീറ്റും നേടുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ

തൃശ്ശൂർ: ജില്ലയിൽ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. 2016 ആവർത്തിച്ച് മുഴുവൻ സീറ്റും നേടുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ആറ് മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ച വച്ച എൻഡിഎ തൃശ്ശൂരിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.

പോളിംഗിൽ മൂന്ന് ശതമാനത്തിലേറെ കുറവ് വന്നെങ്കിലും മുന്നണികളുടെ പ്രതീക്ഷകൾക്ക് കുറവില്ല. കഴിഞ്ഞ തവണ വെറും 43 വോട്ടിന് നഷ്ടപ്പെട്ട വടക്കാഞ്ചേരി ഉൾപ്പെടെ 13 സീറ്റും നേടുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കുന്ദംകുളത്തും കയ്പമംഗലത്തും പ്രചരിപ്പിക്കുന്ന തരത്തിലുള്ള കടുത്ത മത്സരമില്ലെന്ന് എൽഡിഎഫ് നേതൃത്വം പറയുന്നു. പല സ്ഥലങ്ങളിലും യുഡിഎഫും ബിജെപിയും സഹകരിച്ചെങ്കിലും ഇടത്പക്ഷത്തിന്റെ വിജയം തടയാനാവില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു.

എന്നാൽ എൽഡിഎഫ് പ്രതീക്ഷ അസ്ഥാനത്താണെന്നാണ് യുഡിഎഫ് പറയുന്നത്. വടക്കാഞ്ചേരി, ഗുരുവായൂർ, തൃശ്ശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട എന്നീ സീറ്റുകൾ കൂടാതെ മുതിർ‍ന്ന നേതാവ് എം പി ജാക്സണിലൂടെ കൊടുങ്ങല്ലൂർ തിരിച്ചു പിടിക്കുമെന്നും ഡിസിസി പ്രസിഡന്റ് എം വിൻസന്റ് പറഞ്ഞു. കയ്പമംഗലം, ഒല്ലൂർ, കുന്ദംകുളം എന്നിവിടങ്ങളിൽ ഫോട്ടോ ഫിനിഷാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൂരേഷ് ഗോപിയിലൂടെ തൃശ്ശൂർ സീറ്റ് നേടുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് ബിജെപി. ലോക്സഭാ ഫലം മാത്രമല്ല യുഡിഎഫ് ബൂത്തുകളിൽ പോളിങ് കുറഞ്ഞതും തങ്ങൾക്കനുകൂലമാവുമെന്നും ബിജെപി നേതാവ് കെകെ അനീഷ് കുമാർ പറഞ്ഞു. മണലൂർ, പുതുക്കാട്, കുന്നംകുളം, നാട്ടിക എന്നിവിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

click me!