Latest Videos

ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന്; പ്രകടന പത്രിക അജണ്ട

By Web TeamFirst Published Mar 7, 2021, 6:43 AM IST
Highlights

കേരള കോൺഗ്രസ് എമ്മിന്‍റേയും സിപിഐയുടേയും സീറ്റുകൾ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. മാർച്ച് പത്തിനകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം.

തിരുവനന്തപുരം: സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നതിനിടെ ഇടതുമുന്നണി യോഗം ഇന്ന് ചേരും. എൽഡിഎഫ് പ്രകടനപത്രികയാണ് പ്രധാന അജണ്ട. കേരള കോൺഗ്രസ് എമ്മിന്‍റേയും സിപിഐയുടേയും സീറ്റുകൾ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ചങ്ങനാശേരി സീറ്റിനെ ചൊല്ലി തർക്കം തുടരുകയാണ്. വൈകിട്ടത്തെ എൽഡിഎഫ് യോഗത്തിന് മുമ്പ് ഉഭയകക്ഷി ചർച്ചകളിൽ ധാരണയായാൽ മാത്രം ഒരോ കക്ഷികൾക്കുള്ള സീറ്റ് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ തന്നെ അന്തിമ രൂപമാകും. മാർച്ച് പത്തിനകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികളുടെ ശ്രമം.

സിപിഎം ജില്ലാ നേതൃയോഗങ്ങളും തുടരുകയാണ്. സ്ഥാനാർത്ഥി നിർണയത്തിന്‍റെ ഭാഗമായി സിപിഎം മലപ്പുറം ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്ക് സെക്രട്ടറിയറ്റും ഉച്ചക്ക് 12 മണിക്ക് ജില്ലാ കമ്മിറ്റിയുമാണ് ചേരുക. പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനെ മാറ്റരുതെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്നും ആവശ്യമുണ്ട്. പി നന്ദകുമാറിനെയാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. ഏറനാട് പരിഗണിക്കുന്ന ഫുട്ബോൾ താരം യു ഷറഫലിക്ക് വിജയസാധ്യതയില്ലെന്ന് ചില ലോക്കൽ കമ്മിറ്റികൾ ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‍ക്കെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പമുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ എതിർപ്പ് പരിഹരിച്ച് ചേർത്തലയിലും സ്ഥാനാർത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്.

click me!