തിരുവമ്പാടി ലീഗിൽ നിന്ന് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രാദേശിക ഘടകങ്ങൾ; പ്രതിപക്ഷ നേതാവിന് കത്ത്

By Web TeamFirst Published Mar 7, 2021, 6:46 PM IST
Highlights

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും നേരിട്ട് സന്ദർശിച്ചപ്പോൾ തിരുവമ്പാടിയിൽ കോണ്‍ഗ്രസ് തന്നെ മൽസരിക്കണമെന്ന് താമരശ്ശേരി രൂപത താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

കോഴിക്കോട്: താമരശ്ശേരി രൂപതയ്ക്ക് പിന്നാലെ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രാദേശിക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് തിരുവമ്പാടിയിലെ ഏഴ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികൾ പ്രതിപക്ഷ നേതാവിന് കത്തയച്ചു. 1991 മുതൽ മുസ്ലീം ലീഗ് മൽസരിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റ് വിട്ട് നൽകില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതുമാണ്.

കഴിഞ്ഞ തവണ 3008 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ ലീഗ് ശ്രമിക്കുന്നതിനിടെയാണ് സീറ്റിൽ അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിൽ യുഡിഎഫിന് വിജയ സാധ്യതയുള്ള തിരുവമ്പാടിയിൽ കോണ്‍ഗ്രസ് തന്നെ മൽസരിക്കണമെന്നാണ് മണ്ഡലത്തിലെ ഏഴ് പ്രാദേശിക കമ്മറ്റികളുടെ ആവശ്യം.

കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും നേരിട്ട് സന്ദർശിച്ചപ്പോൾ തിരുവമ്പാടിയിൽ കോണ്‍ഗ്രസ് തന്നെ മൽസരിക്കണമെന്ന് താമരശ്ശേരി രൂപത താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ലീഗ് മൽസരിക്കുകയാണെങ്കിൽ കർഷക കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയേക്കും. ഇതൊഴിവാക്കാൻ നേതൃത്വം ഇടപെടണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. 

എന്നാൽ തിരുവമ്പാടിയിൽ ലീഗ് തന്നെ വീണ്ടും മൽസരിച്ചേക്കും. പിന്തുണ തേടിയാണ് കഴിഞ്ഞ ദിവസം എം കെ മുനീറും കുഞ്ഞാലിക്കുട്ടിയും താമരശ്ശേരി രൂപതാ ആസ്ഥാനത്തെത്തിയതെന്നാണ് സൂചന. പാണക്കാട് ചേർന്ന സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ തിരുവമ്പാടിയിലെ സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ച ഉയർന്നിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ സീറ്റ് ആവശ്യവുമായി എത്തിയതോടെ ജില്ലയിൽ തിരുവമ്പാടിയെ ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമായി.

click me!