
ഇടുക്കി: ഇടുക്കി ഉടുമ്പന്‍ചോലയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം എം മണി തന്നെ മത്സരിക്കും. ദേവികുളത്ത് ആര്‍ ഈശ്വരന്‍, അഡ്വ. എ രാജ എന്നിവരെയാണ് പരിഗണിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ രണ്ടുടേം പറഞ്ഞുള്ള കടുംവെട്ടിനെതിരെ രണ്ടും കൽപിച്ചാണ് പാർട്ടി അണികൾ.
പി ജയരാജന് സീറ്റ് നൽകാത്തതിൽ കണ്ണൂർ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്‍റ് ധീരജ്കുമാർ രാജി ഭീഷണിയുയർത്തി. ജി സുധാകരന് വേണ്ടി ആലപ്പുഴയിലും ശ്രീരാമകൃഷ്ണന് വേണ്ടി പൊന്നാനിയിൽ പോസ്റ്ററുകൾ നിറഞ്ഞു .റാന്നി സീറ്റ് വിട്ടുനൽകുന്നതിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ എതിർപ്പുയർന്നു.
തുടർച്ചയായി രണ്ട് തവണ വ്യവസ്ഥയിൽ ഒഴിവു വന്ന 22 സീറ്റിൽ 16 ഇടത്തും വിജയസാധ്യത തുലാസിലാണ്. തോമസ് ഐസക്കിനെയും ജി സുധാകരനെയും ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയത് അമിത ആത്മവിശ്വാസത്തിന്‍റെ സൂചനയെന്നാണ് സിപിഎം അണികൾക്കിടയിലെ എതിർപ്പ്.