മാണി സി കാപ്പൻ ഇടതുമുന്നണി വിടും; പ്രഖ്യാപനം വെള്ളിയാഴ്ച

By Web TeamFirst Published Feb 10, 2021, 4:37 PM IST
Highlights

പാലാ സീറ്റ് സംബന്ധിച്ച വിഷയം മാത്രമല്ല ഇതെന്നാണ് മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചത് പാർട്ടി ദേശീയ നേതൃത്വം തനിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും മാണി സി കാപ്പൻ പറഞ്ഞു. 

ദില്ലി: മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും.  അന്തിമ തീരുമാനം ദേശീയ നേതൃത്വം വ്യക്തമാക്കുമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. 

പാലാ സീറ്റ് സംബന്ധിച്ച വിഷയം മാത്രമല്ല ഇതെന്നാണ് മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാലായ്ക്ക് പകരം കുട്ടനാട് സീറ്റിൽ മത്സരിച്ചോളാൻ ഇടതുമുന്നണി പറഞ്ഞത് അം​ഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വിശ്വാസ്യതയുടെ പ്രശ്നമാണ്. സിപിഎം മുന്നണി മര്യാ​ദ കാട്ടിയില്ല. തോറ്റ പാർട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണ്. പാർട്ടി ദേശീയ നേതൃത്വം തനിക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും മാണി സി കാപ്പൻ പറഞ്ഞു. 

മുന്നണി വിട്ടാൽ പാർട്ടി പിളരില്ലേ എന്ന ചോദ്യത്തിന് മറുഭാ​ഗത്തിന്റെ അഭിപ്രായം എന്താണെന്ന് തനിക്കറിയില്ലെന്നാണ് മാണി സി കാപ്പൻ പറഞ്ഞത്. ജയിച്ചതടക്കമുള്ള നാല് സീറ്റുകളും നൽകുന്നത് എങ്ങനെയാണ് ഔദാര്യമാകുന്നത്. അത് മുന്നണി മര്യാദയല്ലേ. പാർട്ടിയിലെ ഭൂരിപക്ഷവും തനിക്കൊപ്പമാണ്. തൻ്റെ നിലപാടാണ് ശരിയെന്ന് ദേശീയ നേതൃത്വത്തിൻ്റെ പ്രഖ്യാപനത്തോടെ മനസിലാകും. പാർട്ടി നിലപാട് മറ്റന്നാൾ പ്രഫുൽ പട്ടേൽ പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച ഇന്ന് നടന്നില്ല. നാളെ കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് വിവരം. 

മുന്നണി വിടാൻ ശരദ് പവാർ അനുമതി നൽകിയാൽ പാർട്ടിയിലെ ഭൂരിപക്ഷവും മാണി സി കാപ്പനൊപ്പം പോകാനാണ് സാധ്യത. നിലവിൽ നാല് ജില്ലാ കമ്മിറ്റികൾ മാത്രമാണ് മാണി സി കാപ്പനെ അനുകൂലിക്കുന്നത്. എന്നാൽ, ശരദ് പവാർ‌ മാണി സി കാപ്പന് അനുകൂല നിലപാട് സ്വീകരിച്ചാൽ എ കെ ശശീന്ദ്രനൊപ്പമുള്ള പത്ത് ജില്ലാ കമ്മിറ്റികളിൽ ഭൂരിപക്ഷവും ഔദ്യോ​ഗികതീരുമാനത്തിനൊപ്പം നിൽക്കും.

click me!