എൻസിപി സ്ഥാനാര്‍ത്ഥികൾ 17 ന്  പത്രിക സമ‍ര്‍പ്പിക്കും,  പിസി ചാക്കോയെ ക്ഷണിച്ച്  ടി പി പീതംബരൻ മാസ്റ്റ‍ര്‍

By Web TeamFirst Published Mar 11, 2021, 11:39 AM IST
Highlights

കോൺഗ്രസ് വിട്ട പി സി ചാക്കോയെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത പീതംബരൻ മാസ്റ്റ‍ര്‍ ശരദ് പവാർ പറഞ്ഞത് അനുസരിച്ചാണ് ക്ഷണിക്കുന്നതെന്നും ചർച്ച നടത്താൻ പവാർ നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻസിപി സ്ഥാനാര്‍ത്ഥികൾ ഈ മാസം 17 ന് നാമനി‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതംബരൻ. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് ദേശീയ നേതാക്കളായ ശരദ് പവാറും പ്രഫുൽ പട്ടേലും കേരളത്തിൽ എത്തും. പവാർ മാര്‍ച്ച് 29,30 തിയ്യതികളിലും പ്രഫുൽ പട്ടേൽ 26 നുമാണ് കേരളത്തിൽ എത്തുക. യുവജനങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒരു സീറ്റ്‌ കൂടെ ലഭിച്ചിരുന്നെങ്കിൽ യുവാക്കളെ പരിഗണിക്കാമായിരുന്നുവെന്നും വ്യക്തമാക്കി. ശശീന്ദ്രന് പകരം എലത്തൂരിൽ മറ്റൊരാളെ പരീക്ഷിക്കുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

എലത്തൂരിൽ എ.കെ.ശശീന്ദ്രൻ, കുട്ടനാട് സീറ്റിൽ അന്തരിച്ച തോമസ് കെ ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ്, കോട്ടയ്ക്കൽ സീറ്റിൽ എൻ.എ.മുഹമ്മദ് കുട്ടി എന്നിവരെയാണ് എൻസിപി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായടക്കം നാല് സീറ്റുകളിലായിരുന്നു എൻസിപി മത്സരിച്ചിരുന്നത്. എന്നാൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയതോടെ പാലാ സീറ്റ് എൻസിപിക്ക് നഷ്ടമായി. 

കോൺഗ്രസ് വിട്ട പി സി ചാക്കോയെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത പീതംബരൻ മാസ്റ്റ‍ര്‍ ശരദ് പവാർ പറഞ്ഞത് അനുസരിച്ചാണ് ക്ഷണിക്കുന്നതെന്നും ചർച്ച നടത്താൻ പവാർ നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ചാക്കോയുടെ രാജി കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!