
തിരുവനന്തപുരം: സീറ്റ് വിഭജനത്തിനായി എൻഡിഎ മുന്നണി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഞായറാഴ്ചയ്ക്ക് ശേഷം വിവിധ മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എൻഡിഎയിലെ പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിക്ക് മേൽ മത്സരിക്കാൻ കനത്ത സമ്മര്‍ദ്ദമുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ്.
2016-ൽ 37 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചതെങ്കിലും ഇക്കുറി അത്രയും സീറ്റുകളിൽ അവര്‍ക്ക് മത്സരിക്കാൻ സാധിച്ചേക്കില്ലെന്നാണ് സൂചന. ബിഡിജെഎസിലുണ്ടായ പിളര്‍പ്പും സംഘടനാ ദൗര്‍ബല്യവുമാണ് ഇതിന് കാരണം. ബിഡിജെഎസ് ആവശ്യപ്പെടുന്ന അത്രയും സീറ്റുകൾ ബിജെപി വിട്ടുകൊടുക്കില്ലെന്നും വ്യക്തമാണ്.
തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും എതിരാളികളാണെന്നും തിരുവനന്തപുരം ജില്ലയിൽ ബിഡിജെഎസ് ചില സീറ്റുകളിൽ മത്സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎക്ക് സംഘടനാപരമായ കെട്ടുറപ്പുണ്ടെന്നും എസ്എൻഡിപിയുടെ മാത്രമല്ല എല്ലാ എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ ബിഡിജെഎസിനും എൻഡിഎയ്ക്കുമുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.