നേമത്ത് വി ശിവൻകുട്ടി മുന്നിൽ, കുമ്മനത്തെ പിന്നിലാക്കി; മുരളീധരൻ മൂന്നാം സ്ഥാനത്ത്

By Web TeamFirst Published May 2, 2021, 1:34 PM IST
Highlights

സംസ്ഥാനത്ത് നേമം അടക്കം മൂന്ന് സീറ്റിലായിരുന്നു ബിജെപി വോട്ടെണ്ണി തുടങ്ങിയത് മുതൽ മുന്നിലുണ്ടായിരുന്നത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ ശക്തമായ പോരാട്ടത്തിൽ ഇപ്പോൾ മുന്നിലുള്ളത് സിപിഎം. വി ശിവൻകുട്ടിക്ക് 1500 ലേറെ വോട്ടിന്റെ മേൽക്കോയ്മായണ് ഉള്ളത്. ആദ്യത്തെ എട്ട് റൗണ്ടിലും ഒന്നാം സ്ഥാനത്തായിരുന്ന ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ഒൻപതാം റൗണ്ടിലാണ് വി ശിവൻകുട്ടി മറികടന്നത്. മുട്ടത്തറ അടക്കമുള്ള സ്ഥലങ്ങളാണ് ഇനി വോട്ടെണ്ണാനുള്ളത്. ന്യൂനപക്ഷ വോട്ടുകൾ വിഘടിച്ചുപോകുമെന്ന് സിപിഎം ഭയന്നിരുന്നുവെങ്കിലും അതുണ്ടായില്ലെന്നാണ് മണ്ഡലത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

മുതിര്‍ന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് നേമം അടക്കം മൂന്ന് സീറ്റിലായിരുന്നു ബിജെപി വോട്ടെണ്ണി തുടങ്ങിയത് മുതൽ മുന്നിലുണ്ടായിരുന്നത്. തൃശ്ശൂരിൽ മുന്നിലുണ്ടായിരുന്ന നടനും എംപിയുമായ സുരേഷ് ​ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ സിപിഐ സ്ഥാനാർത്ഥി ബാലചന്ദ്രനാണ് മുന്നിലുള്ളത്. പാലക്കട് ഷാഫി പറമ്പിലിനെ ബഹുദൂരം പിന്നിലാക്കി ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ മുന്നിൽ തന്നെയാണ്.

click me!