സമ്മതിദായകര്‍ക്ക് നന്ദി രേഖപ്പെടുത്തി ഒ രാജഗോപാലിന്‍റെ കുറിപ്പ്; വിമര്‍ശനവുമായി അനുഭാവികള്‍

By Web TeamFirst Published May 2, 2021, 9:54 PM IST
Highlights

ഒ രാജഗോപാലിന്‍റെ അനവസരത്തിലെ പ്രസ്താവനകള്‍ ബിജെപിയെ സാരമായി ബാധിച്ചുവെന്നും വോട്ടുകളില്‍ കുറവു വരാന്‍ കാരണമായെന്നും വിമര്‍ശനത്തോടെയുള്ളതാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് നന്ദി രേഖപ്പെടുത്തിയ ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ അനുഭാവികളുടെ വിമര്‍ശനം. ഒ രാജഗോപാലിന്‍റെ അനവസരത്തിലെ പ്രസ്താവനകള്‍ ബിജെപിയെ സാരമായി ബാധിച്ചുവെന്നും വോട്ടുകളില്‍ കുറവു വരാന്‍ കാരണമായെന്നും വിമര്‍ശനത്തോടെയുള്ളതാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും അനുഭാവികള്‍ കുറിപ്പിന് പ്രതികരണമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഹിന്ദു സമുദായത്തിലെ വോട്ട് ഏകീകരിക്കേണ്ടതിന്‍റെ ആവശ്യകതയും അനുഭാവികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പാര്‍ട്ടിയില്‍ ശുദ്ധി കലശം നടത്തേണ്ടതിന്‍റെ ആവശ്യകതയും ഓര്‍മ്മിപ്പിക്കുന്നുണ്ട് ചില പ്രതികരണങ്ങള്‍. എന്നാല്‍ ഒ രാജഗോപാല്‍ വിശ്രമജീവിതത്തിന് പോവണമെന്ന രൂക്ഷ സ്വഭാവമുള്ള പ്രതികരണങ്ങളും കുറിപ്പിന് ലഭിക്കുന്നുണ്ട്. കേരളത്തിലെ ഏക ബിജെപി എംഎല്‍എയായിരുന്നു ഒ രാജഗോപാല്‍.

നേമം നിയോജക മണ്ഡലത്തില്‍ നിന്നാണ് ഒ രാജഗോപാല്‍ നിയമസഭയിലേക്ക് എത്തിയത്. കുമ്മനം രാജശേഖരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും തമ്മില്‍ നട്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വി ശിവന്‍കുട്ടി അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 

ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും. എന്നായിരുന്നു ഒ രാജഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

click me!