'നേമത്ത് പോരിനിറങ്ങാന്‍ റെഡി'; ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല ചെന്നിത്തലയ്ക്കും സമ്മതം; ഹൈക്കമാൻഡ് തീരുമാനിക്കും

By Web TeamFirst Published Mar 11, 2021, 11:18 PM IST
Highlights

നേമത്ത് ഇക്കുറി ഉമ്മന്‍ ചാണ്ടിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിലവില്‍ അത്തരമൊരു ചര്‍ച്ചകളില്ല. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

തിരുവനന്തപുരം: നേമത്ത് ആര് മത്സരിക്കണമെന്ന തീരുമാനം ഹൈക്കമാന്‍ഡിന്‍റേതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്നും ഇരുവരും പറഞ്ഞു. നേമത്ത് മത്സരിക്കാന്‍ സന്നദ്ധമെന്ന് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് സൂചന. എന്നാല്‍ നേമത്ത്  ആരെന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. 

പുതുപ്പള്ളി വിട്ട് ഉമ്മന്‍ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പിന്‍റെ നിലപാട്. ഇതിനായി ഉമ്മന്‍ ചാണ്ടിക്ക് മേല്‍ എ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കെ മുരളീധരന് ഇളവ് നൽകി മത്സരിപ്പിക്കണമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് അറിയിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. 

നേമത്ത് ഇക്കുറി ഉമ്മന്‍ ചാണ്ടിയെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിലവില്‍ അത്തരമൊരു ചര്‍ച്ചകളില്ല. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ എത്തിയേക്കുമെന്നാണ് സൂചന. നാളെ വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.
 

click me!