'ജനവിധി മാനിക്കുന്നു'; പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി

By Web TeamFirst Published May 2, 2021, 3:45 PM IST
Highlights

പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ രാഷ്ട്രീയ രം​ഗത്ത് സു​ഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയില്‍ 8504 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്  ഉമ്മന്‍ ചാണ്ടി വിജയിച്ചത്.  മണര്‍കാടും പാമ്പാടിയിലും ഉണ്ടായ എല്‍ഡിഎഫ് മുന്നേറ്റം യുഡിഎഫിനെ അല്‍പം വിറപ്പിച്ചെങ്കിലും ഒടുവില്‍ ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തുകയായിരുന്നു. യാക്കോബായ വിഭാ​ഗത്തിന് വന്‍ഭൂരിപക്ഷമുള്ള പ്രദേശമാണ് മണര്‍കാട്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാ​ഗം നേരത്തെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് മത്സരത്തിന് ഇറങ്ങിയത്. 2016 ല്‍ 27,092 വോട്ടുകള്‍ക്കാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.

click me!