ഉപരാഷ്ട്രപതിയാക്കാമെന്ന് പറഞ്ഞ് ബിജെപി വിളിച്ചു; എന്നിട്ടും പോയില്ലെന്ന് പിജെ കുര്യൻ

By Web TeamFirst Published Mar 21, 2021, 2:12 PM IST
Highlights

രാജ്യസഭാ ഉപാധ്യക്ഷൻ ആയിരിക്കെ ,കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ് വി രണ്ടുവട്ടം ചർച്ച നടത്തി. എന്നാൽ പദവിക്ക് വേണ്ടി പാര്‍ട്ടി മാറുന്ന ആളല്ലെന്ന് പിജെ കുര്യൻ

പത്തനംതിട്ട: ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി ക്ഷണിച്ചെന്നും എന്നിട്ടും ബിജെപിയിലേക്ക് പോയില്ലെന്നും തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കുര്യന്‍റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത്ര വലിയ പദവി കിട്ടാമായിരുന്നിട്ടും ബിജെപിയിലേക്ക് പോകാത്തതിനാൽ ഇനി അത്തരം ഒരു ആലോചന പോലും ഉണ്ടാകില്ലെന്നും പി ജെ കുര്യൻ പറഞ്ഞു

രാജ്യസഭാ ഉപാധ്യക്ഷൻ ആയിരിക്കെയാണ് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി രണ്ടുവട്ടം ചർച്ച നടത്തിയത്. ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് പരിഗണിച്ചതിൽ പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിച്ചു. പദവിക്ക് വേണ്ടി പാര്‍ട്ടി മാറുന്ന ആളല്ലെന്നും പി ജെ കുര്യൻ പറഞ്ഞു.

എൻഎസ്എസ് പിന്തുണ യുഡിഎഫിന് ഉണ്ടാകും. എൻഎസ്എസ് പറയുന്ന സമദൂരം തെരഞ്ഞെടുപ്പിൽ ആര്‍ക്ക് അനുകൂലമാകണമെന്ന് സമുദായ അംഗങ്ങൾക്ക് അറിയാമെന്നും പി ജെ കുര്യൻ പറഞ്ഞു. നായര്‍ സമുദായം അത് മനസിലാക്കി വോട്ട് ചെയ്യും. കോൺഗ്രസിന്‍റെ രാജ്യസഭാ സീറ്റും തട്ടിയെടുത്താണ് ജോസ് കെ മാണി എൽഡിഎഫിനൊപ്പം പോയത്. കേരളാ കോൺഗ്രസിന്‍റെ മുന്നണി മാറ്റം ഒരു ചലനവും തെരഞ്ഞെടുപ്പിൽ ഉണ്ടാക്കില്ലെന്നും പിജെ കുര്യൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശബരിമല ചര്‍ച്ചയാക്കിയത് സീതാറാം യച്ചരി ആണെന്നും പി ജെ കുര്യൻ പറഞ്ഞു. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒഴിഞ്ഞുമാറുകയാണ്.നിലപാട് തുറന്നു പറഞ്ഞാൽ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും പിജെ കുര്യൻ പറഞ്ഞു

click me!