പാലക്കാട് എ വി ഗോപിനാഥിന്‍റെ കലാപക്കൊടിയില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; ആദ്യ അനുനയ നീക്കം പൊളിഞ്ഞു

By Web TeamFirst Published Mar 3, 2021, 7:39 AM IST
Highlights

കെ സുധാകരനും കെ സി വേണുഗോപാലും വിളിച്ചിട്ടും വഴങ്ങാൻ ഗോപിനാഥ് തയ്യാറായിട്ടില്ല. അതേസമയം ഗോപിനാഥ് സിപിഎമ്മിലെത്തിയാല്‍ പെരിങ്ങോട്ടു കുറിശ്ശിയില്‍ നിന്ന് ഒരു വലിയ വിഭാഗം കോണ്‍ഗ്രസ് വിടുമെന്ന സൂചനയുമുണ്ട്. ഇതില്‍ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ അസ്വസ്ഥമാണ്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയർത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ ആദ്യഘട്ട ശ്രമങ്ങൾ ഫലം കണ്ടില്ല. കെ സുധാകരനും കെ സി വേണുഗോപാലും വിളിച്ചിട്ടും വഴങ്ങാൻ ഗോപിനാഥ് തയ്യാറായിട്ടില്ല. അതേസമയം ഗോപിനാഥ് സിപിഎമ്മിലെത്തിയാല്‍ പെരിങ്ങോട്ടു കുറിശ്ശിയില്‍ നിന്ന് ഒരു വലിയ വിഭാഗം കോണ്‍ഗ്രസ് വിടുമെന്ന സൂചനയുമുണ്ട്.

ഗോപിനാഥ് ഉയര്‍ത്തിയ കലാപത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍, സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ അസ്വസ്ഥമാണ്. മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ സമാഹരിക്കേണ്ട ജില്ലയില്‍ ഗോപിനാഥ് ഉയര്‍ത്തുന്ന കലഹം ചെറുതല്ലെന്നാണ് വിലയിരുത്തല്‍.

ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കെ സുധാകരന്‍ വിളിച്ചത്. തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും രണ്ടു ദിവസം സമയം തരണമെന്നുമാണ് ആവശ്യപ്പെട്ടത്. കെ സി വേണുഗോപാല്‍ വിളിച്ച് പ്രശ്നങ്ങള്‍ തിരക്കി.

ഇരുനേതാക്കളില്‍ നിന്നും ഉറപ്പൊന്നും ലഭിക്കാത്തതിനാല്‍ തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഗോപിനാഥിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം സ്വന്തം തട്ടകമായ പെരിങ്ങോട്ടു കുറിശ്ശിയില്‍ ശക്തി പ്രകടനത്തിനും ഗോപിനാഥന്‍ നീക്കം നടത്തുന്നുണ്ട്.

25 വർഷം പെരിങ്ങോട്ടുകുറിശ്ശി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ​ഗോപിനാഥ് ആലത്തൂരിൽ നിന്ന് എംഎൽഎ ആയിട്ടുമുണ്ട്. അതേസമയം, കോൺഗ്രസ് എ വി ഗോപിനാഥുമായി നിലവിൽ സിപിഎം ജില്ലാ നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. കോൺഗ്രസ് വിട്ട് പുറത്തു വന്ന് അദ്ദേഹം നിലപാട് അറിയിക്കണം. അതിന് ശേഷം ഇടതുപക്ഷജനാധിപത്യമുന്നണി തീരുമാനം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!