'രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ', സഹോദരന്‍റെ ബിജെപി പ്രവേശത്തിൽ ഹൃദയവേദനയോടെ പന്തളം സുധാകരൻ

By Web TeamFirst Published Mar 8, 2021, 12:35 AM IST
Highlights

'എന്‍റെ ശക്തി കോൺഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഒരാളെ തടയാൻ മുൻ അറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്'

പത്തനംതിട്ട: സഹോദരൻ കെ പ്രതാപൻ ബിജെപിയിൽ ചേർന്നതിനോട് പ്രതികരിച്ച് പന്തളം സുധാകരൻ രംഗത്തെത്തി. അതീവ ഹൃദയവേദനയുണ്ടെന്ന് വ്യക്തമാക്കി സുധാകരൻ ഇങ്ങനെയൊരു മാറ്റത്തിന്‍റെ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പരിചിതരും അപരിചിതരും അമർഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുകയാണെന്നും മറുപടി പറഞ്ഞു തളരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ എന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

പന്തളം സുധാകരന്‍റെ കുറിപ്പ് 

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി. എന്‍റെ സഹോദരൻ കെ പ്രതാപൻ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത..! ഇങ്ങനെയൊരു മാറ്റത്തിന്‍റെ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു. എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്. സഹപ്രവർത്തകരായ, പരിചിതരും അപരിചിതരും അമർഷത്തോടെ,ഖേദത്തോടെ,സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്‍റെ ശക്തി കോൺഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഒരാളെ തടയാൻ മുൻ അറിവുകളില്ലാഞ്ഞതിനാൽ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാനല്ലാതെ തടസ്സപ്പെടുത്താൻ രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?

നേരത്തെ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന വേദിയിൽ അമിത്ഷായെ സാക്ഷിയാക്കിയാണ് കെ പ്രതാപൻ ബിജെപിയിൽ ചേർന്നത്.  ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാർഥികളിൽ ഒരാളായിരുന്നു പ്രതാപൻ.

click me!