'ഇത്തവണ തൂക്ക് സഭ വരും'; ബിജെപിയും ട്വൻ്റി 20യും നിർണ്ണായകമാകുമെന്ന് പി സി ജോർജ്ജ്

By Web TeamFirst Published Mar 18, 2021, 3:40 PM IST
Highlights

പി ജെ ജോസഫ് പി സി തോമസ് വിഭാഗങ്ങളുടെ ലയനത്തെ ജോസഫിന്റെ ഗതികേടായാണ് പി സി ജോർജ്ജ് വിലയിരുത്തുന്നത്. പി ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമാണ് ഇതിന് കാരണമെന്നും പൂഞ്ഞാർ എംഎൽഎ പറയുന്നു. 

പൂഞ്ഞാർ: സംസ്ഥാനത്ത് ഇത്തവണ തൂക്ക് സഭ വരുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. പൂ‌ഞ്ഞാറിന്റെ ശക്തി സർക്കാർ രൂപികരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ബിജെപി നിർണ്ണായക ശക്തിയാകുമെന്നും ജോർജ്ജ് പറയുന്നു. അ‌ഞ്ച് സീറ്റ് വരെ നേടിയേക്കാമെന്നാണ് പ്രവചനം. ട്വൻ്റി ട്വൻ്റി പിടിക്കുന്ന സീറ്റുകളും നിർണായകമാകുമെന്നാണ് കേരള നിയമസഭയിലെ ഒറ്റയാന്റെ കണക്ക് കൂട്ടൽ. 

സർക്കാരുണ്ടാക്കാൻ ബിജെപിയുടെ ട്വൻ്റി ട്വൻ്റിയുടെയും പിന്തുണ വേണ്ടി വരുമെന്നാണ് പി സി ജോർജ്ജ് പറയുന്നത്. പൂഞ്ഞാറിൽ നിന്ന് ഇത്തവണയും ജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്ന പിസി തന്റെ നിലപാടും നിർണ്ണായകമാകുമെന്ന് പറഞ്ഞ് വയ്ക്കുന്നു. 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇനി ഒന്നും പറയില്ലെന്നും പിസി വിനു വി ജോണിനോട് പറഞ്ഞു. അപ്പോഴത്തെ അരിശത്തിന് പറഞ്ഞ് പോയതാണന്നും ഇനി ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോർജ്ജ് വ്യക്തമാക്കി. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്നാണ് വെട്ടിയതെന്നാണ് ആരോപണം. 

പി ജെ ജോസഫ് പി സി തോമസ് വിഭാഗങ്ങളുടെ ലയനത്തെ ജോസഫിന്റെ ഗതികേടായാണ് പി സി ജോർജ്ജ് വിലയിരുത്തുന്നത്. പി ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമാണ് ഇതിന് കാരണമെന്നും പൂഞ്ഞാർ എംഎൽഎ പറയുന്നു. 

click me!