പ്രതിസന്ധികളെ തരണം ചെയ്തു, പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570ഉം പൂർത്തിയാക്കിയെന്ന് പിണറായി വിജയൻ

By Web TeamFirst Published Mar 19, 2021, 9:52 AM IST
Highlights

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. 

പാലക്കാട്: ഇടത് പക്ഷത്തെ തർക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് നിൽക്കുകയാണെന്നും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. 

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ല നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഓരോ വർഷവും പ്രകടനപത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്ത് വിട്ടു.

നാല് വർഷം ഇത് തുടർന്നു. ഇത്തവണ അഞ്ചാം വർഷമാണ്. 600 കാര്യങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞതിൽ 570 എണ്ണം പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കൊവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. 

ഇ ശ്രീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. ഇ ശ്രീധരൻ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു. 

ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്ങ്മൂലം തിരുത്തുന്നത് കേസ് വരുമ്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പാലക്കാട് വച്ച് പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്. 
 

click me!