കൊവിഡ് ബാധിച്ച് 'സമ്പർക്ക വിലക്കിൽ' ജോസഫ്, സീറ്റ് ചോദിച്ചു വാങ്ങാൻ നേതാവില്ലാതെ കേരള കോൺഗ്രസ്

By Web TeamFirst Published Feb 27, 2021, 8:13 PM IST
Highlights

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾക്കായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് പി ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയുമായി നിശ്ചയിച്ച ചർച്ചയ്ക്കെത്താൻ ജോസഫിനായില്ല

കോട്ടയം: പിജെ ജോസഫിന് കൊവി‍ഡ് സ്ഥിരീകരിച്ചതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിലായി. ജോസഫിന് പകരം മറ്റ് നേതാക്കളാണിപ്പോൾ യുഡിഎഫ് ചർച്ചകളിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. 

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾക്കായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് പി ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയുമായി നിശ്ചയിച്ച ചർച്ചയ്ക്കെത്താൻ ജോസഫിനായില്ല. മോൻസ് ജോസഫ്, ഫ്രാൻസിസ് ജോ‍ർജ്, ജോണി നെല്ലൂർ എന്നിവരാണ് പകരം ചർച്ചകളിൽ പങ്കെടുത്തത്. ഇതിൽ ജോണി നെല്ലൂരിനും രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുഡിഎഫുമായി കഴിഞ്ഞദിവസം നടത്താനിരുന്ന ചർച്ച പാർട്ടി ഉപേക്ഷിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ മത്സരിച്ച പാർട്ടിയ്ക്ക് ഇത്തവണ 12 സീറ്റ് കിട്ടണമെന്നാണ് ആവശ്യം. എന്നാൽ എട്ടോ പരമാവധി ഒൻപതോ സീറ്റുകൾ മാത്രം നൽകാം എന്ന നിലപാടിലാണ് യുഡിഎഫ്. ഇതിൽ തുടർചർച്ചകൾ നടക്കുന്നതിനിടെ പാർട്ടിയെ നയിക്കുന്ന ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചതാണ് കേരള കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.

ജോസഫിന് യുഡിഎഫ് ഘടകകക്ഷികളിലെ പ്രധാന നേതാക്കളെല്ലാവരുമായും ഉള്ളത് അടുത്ത ബന്ധമാണ്. ജോസഫിന് കൊവിഡ് മാറി ക്വാറന്‍റൈൻ പൂ‍ർത്തിയാക്കി പഴയ പോലെ സജീവമാകാൻ ഇനി മൂന്നാഴ്ചയെങ്കിലും വേണം. ഇതിനുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും. യുഡിഎഫ് മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് മുന്നണി നേതാക്കളിൽ ജോസഫിന്റെ അത്ര സ്വാധീനമില്ലാത്തത് തെരഞ്ഞെടുപ്പ് ചർച്ചകളെ ബാധിക്കുമോ എന്നാണ് പാർട്ടിയിലെ ആശങ്ക. 

click me!