'കേരളാ സർക്കാരിന്റേത് സ്വജനപക്ഷപാതം, മത്സ്യസമ്പത്ത് തീറെഴുതാൻ ശ്രമിച്ചു'; വിമർശനമുന്നയിച്ച്  പ്രിയങ്ക

By Web TeamFirst Published Mar 31, 2021, 1:53 PM IST
Highlights

സംസ്ഥാന സ‍ര്‍ക്കാര്‍ മത്സ്യസമ്പത്ത് യുഎസ് കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചെന്നും വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കൊച്ചി: സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് കേരളത്തിലെ എൽഡ‍ിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് അക്രമവും സ്വജനപക്ഷപാതവുമാണെന്ന് പ്രിയങ്ക ആരോപിച്ചു. മത്സ്യസമ്പത്ത് യുഎസ് കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ച സംസ്ഥാന സ‍ര്‍ക്കാര്‍ വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. പ്രളയ സഹായത്തിലും സ‍ര്‍ക്കാര്‍ വിവേചനം കാണിച്ചു. പുറത്തുവരുന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചുവെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക, കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. 

കേരളവുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് പറഞ്ഞ പ്രിയങ്ക കേരളത്തിൽ നിന്നുള്ളവർ ആയിരുന്നു എന്റെ അദ്ധ്യാപകരെന്നും അവരിൽ നിന്നും താൻ കേരളത്തെ മനസ്സിലാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈപ്പമംഗലം യുഡിഫ് സ്ഥാനാർഥി ശോഭ സുബിൻ തന്റെ അമ്മയുടെ പേര് തന്റെയാക്കിയത് സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ സൂചനയാണ്. ഈ ജനതയെ ബഹുമാനിക്കുന്നതിനാൽ ജാതിയുടെ മതത്തിന്റെയും പേരിൽ വിഭജിച്ചു സംസാരിക്കുന്നില്ല. വിഭജിപ്പിക്കുന്ന ഒന്നിനെക്കുറിച്ചും കോൺഗ്രസ് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അവ‍ര്‍ കൂട്ടിച്ചേര്‍ത്തു. 

click me!