പുതുപ്പള്ളി കോട്ടയിളക്കി ജെയ്ക്ക്, ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; യാക്കാബായ നിലപാടും കാരണം

By Web TeamFirst Published May 2, 2021, 4:17 PM IST
Highlights

കേരളക്കരയെ അമ്പരപ്പിച്ച് പ്രകടനമാണ് മണ്ഡലത്തിൽ ജെയ്ക് സി തോമസ് കാഴ്ചവെച്ചത്. തുടക്കം മുതൽ ലീഡ് നിലനിർത്തി മുന്നോട്ട് പോകുമ്പോഴും പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്നത് യുഡിഎഫ് ക്യാംപിന് ആശങ്കയായിരുന്നു

കോട്ടയം കഴിഞ്ഞ് അഞ്ച് പതിറ്റാണ്ട് കാലമായി പുതുപ്പള്ളിക്കാരുടെ ശബ്ദമാണ് ഉമ്മൻചാണ്ടി. 1970 ന് ശേഷം ഒരിക്കൽ പോലും തോറ്റിട്ടില്ലെന്ന് മാത്രമല്ല മികച്ച ഭൂരിപക്ഷമാണ് ഇദ്ദേഹം നേടിയിരുന്നതും. 2016 ൽ 27092 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ ഇക്കുറി ഉമ്മൻചാണ്ടിക്ക് കിട്ടിയത് വെറും 8504 വോട്ടിന്റെ ലീഡ് മാത്രമാണ്. 

കേരളക്കരയെ അമ്പരപ്പിച്ച് പ്രകടനമാണ് മണ്ഡലത്തിൽ ജെയ്ക് സി തോമസ് കാഴ്ചവെച്ചത്. തുടക്കം മുതൽ ലീഡ് നിലനിർത്തി മുന്നോട്ട് പോകുമ്പോഴും പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്നത് യുഡിഎഫ് ക്യാംപിന് ആശങ്കയായിരുന്നു. വോട്ടെണ്ണൽ ഏഴാമത്തെ റൗണ്ടിൽ എത്തിയപ്പോൾ മുൻ മുഖ്യമന്ത്രിയുടെ ലീഡ് രണ്ടായിരത്തിലേക്ക് ഇടിഞ്ഞു. ഇതോടെ മണ്ഡലം സിപിഎം തിരിച്ചുപിടിക്കുമോയെന്ന പ്രതീതി ഉയർന്നുവന്നു. കോൺ​ഗ്രസ് ക്യാംപിലാകട്ടെ വലിയ ആശങ്കയാണ് ഉണ്ടായത്.

ഉമ്മൻചാണ്ടിക്ക് വലിയ തിരിച്ചടിയായത് മണർകാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളാണ്. ഈ രണ്ട് പഞ്ചായത്തുകളിലും കനത്ത തിരിച്ചടി ഏറ്റതിന് പിന്നിൽ യാക്കോബായ സഭാ വിശ്വാസികളുടെ നിലപാടും കൂടി കാരണമാണ്. ഉമ്മൻചാണ്ടിക്കെതിരെ യാക്കോബായ സഭയുടെ ഭാ​ഗത്ത് നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നു, ജെയ്കിന് പരസ്യ പിന്തുണയും ലഭിച്ചു. യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ ഇരയായി രക്തസാക്ഷി പരിവേഷത്തിൽ മുൻ മുഖ്യമന്ത്രിയെ കാണേണ്ടി വരുമോയെന്ന ആശങ്കയാണ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ഉയർന്നുവന്നത്. കഴിഞ്ഞ തവണ പാമ്പാടിയില്‍ 3000 ന് മുകളിലായിരുന്നു ഉമ്മൻചാണ്ടിയുടെ ലീഡെങ്കിൽ ഇക്കുറി 750 വോട്ടിന്റെ ലീഡോടെ ജെയ്ക് ഇവിടെ മുന്നിലെത്തി.

എന്നാൽ കേരളത്തെ നയിച്ച മുൻ മുഖ്യമന്ത്രിയെ പാടേ കൈവിടാൻ പുതുപ്പള്ളിക്കാർ ഒരുക്കമായിരുന്നില്ല. 8000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ജയം കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവിനെ സംബന്ധിച്ചിടത്തോളം നിറംകെട്ട വിജയമാണ്. അതേസമയം മണ്ഡലത്തിൽ മതചി​ഹ്നങ്ങളും ഇടവകയുടെ പേരും ഉപയോ​ഗിച്ച് ജെയ്ക് സി തോമസ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതി എടുത്തു കാട്ടി പ്രതിരോധിക്കാനാവും കോൺ​ഗ്രസിന്റെ ശ്രമം. 

മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളി സഹവികാരിക്കും എതിരെയാണ് മതത്തെ ഉപയോ​ഗിച്ച് വോട്ട് തേടിയെന്ന ആരോപണം ഉയർന്നത്. മതചിഹ്നവും ഇടവകയുടെ പേരും ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചെന്നായിരുന്നു സിപിഎമ്മിന്റെ യുവ നേതാവിനെതിരായ മന്നംയുവജനവേദിയുടെ പരാതി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഇവർ പരാതി നൽകിയത്.

click me!