അനുനയനീക്കം; ഐഎൻടിയുസി നേതാക്കളുമായി രമേശ് ചെന്നിത്തലയുടെ ചര്‍ച്ച ഇന്ന്

By Web TeamFirst Published Mar 17, 2021, 6:42 AM IST
Highlights

പതിനഞ്ചംഗ പട്ടിക കെപിസിസിക്ക് നൽകിയെങ്കിലും സ്ഥാനാര്‍ഥി നിർണയത്തിൽ ഐഎൻടിയുസി നേതാക്കളെയാരെയും പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിർത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തിയത്. 

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ഐഎൻടിയുസി നേതാക്കളുമായി രമേശ് ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്നലെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിൽ ട്രേഡ് യൂണിയൻ തീരുമാനത്തിൽ നിന്ന് പിന്മാറിയിരുന്നു.

പതിനഞ്ചംഗ പട്ടിക കെപിസിസിക്ക് നൽകിയെങ്കിലും സ്ഥാനാര്‍ഥി നിർണയത്തിൽ ഐഎൻടിയുസി നേതാക്കളെയാരെയും പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിർത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയൻ നേതാക്കൾ രംഗത്തെത്തിയത്. അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കൾ ഇവരുമായി ചർച്ചയ്ക്ക് നടത്തിയിരുന്നെങ്കിലും ഐഎൻടിയുസി നേതാക്കൾ വഴങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖറുമായി ചെന്നിത്തല ഇന്ന് ആലപ്പുഴയിൽ വെച്ച് ചര്‍ച്ച നടത്തും.

ഇന്നലെ ചെന്നിത്തലയും ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിൽ സ്വന്തം നിലയിൽ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിൽ നിന്നും ട്രേഡ് യൂണിയൻ പിന്മാറിയിരുന്നു. ചര്‍ച്ചയിൽ സമവായമായെങ്കിലും എറണാകുളം മണ്ഡലം കണ്‍വെൻഷൻ പരിപാടിക്ക് പ്രകടനമായെത്തി ഐഎൻടിയുസി ശക്തി തെളിയിച്ചു. അടുത്ത തെരഞ്ഞെടുപ്പുകളിൽ ട്രേഡ് യൂണിയൻ നേതാക്കൾക്ക് അര്‍ഹമായ പരിഗണന നൽകാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ഐഎൻടിയുസിയുടെ പിന്മാറ്റം. 

click me!