ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടം യുഡിഎഫ് സ്ഥാനാർത്ഥിക്കും ഇരട്ട വോട്ട്, അധികൃതരുടെ വീഴ്ചയെന്ന് പ്രതികരണം

By Web TeamFirst Published Mar 27, 2021, 8:16 AM IST
Highlights

ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. 

ആലപ്പുഴ/ തിരുവനന്തപുരം: സംസ്ഥാനത്ത്  ഇരട്ട വോട്ട് വ്യാപകമാണെന്ന ആരോപിച്ച് യുഡിഎഫും കോൺഗ്രസും കോടതി നടപടികളടക്കമായി മുന്നോട്ട് പോകുന്നതിനിടെ തിരിച്ചടിയായി കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയുടെയും ഇരട്ട വോട്ട്. 

കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 170 നമ്പർ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാർഡിന് അപേക്ഷ നൽകിയപ്പോൾ പഴയ നമ്പർ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക്  ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും  വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.

പേര് നീക്കം ചെയ്യാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തലയുടെ ഓഫീസിന്റെ പ്രതികരണം. ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. 

click me!