
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമാണെന്ന് ശശി തരൂർ എംപി. സർവ്വേഫലം അല്ല നാട്ടിലെ സ്ഥിതി. പത്തുദിവസത്തിനുള്ളിൽ ഇവിടെ വലിയ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വോട്ട് ചെയ്യാനിറങ്ങണം. മലയാളികൾ ബുദ്ധിയുള്ളവരാണ്. വോട്ട് പാഴാക്കി ബിജെപിക്ക് കൊടുത്താൽ ആർക്കാണ് ഗുണം ചെയ്യാൻ പോകുന്നത്. വർഗീയത പറഞ്ഞു വോട്ട് പിടിക്കലാണ് ബിജെപിയുടെ നയം. അവർക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല. ശബരിമല പറഞ്ഞു വോട്ട് പിടിക്കാൻ ബിജെപിക്ക് എന്ത് അവകാശമാണുള്ളത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം കൊണ്ട് വരാൻ കഴിഞ്ഞോ.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ പരിഹസിച്ചുള്ള ആരിഫിന്റെ പ്രസ്താവന മോശമായിപ്പോയി. പാൽ വിറ്റ് ജീവിക്കുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നും ശശി തരൂർ പറഞ്ഞു.