
ദില്ലി: ബദല്‍ രാഷ്ട്രീയത്തിലെ ഇന്ത്യന്‍ മാതൃകയായി ചരിത്രം കുറിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ഭരണമികവുകൊണ്ടാണ് ഡല്‍ഹിക്ക് പുറത്തേക്കും പാര്‍ട്ടിക്ക് വോട്ടുകള്‍ കൂടിയത്. അരവിന്ദ് കെജ്രിവാളിന്റെ അനിഷേധ്യ നേതൃത്വമാണ് ആം ആദ്മി പാര്‍ട്ടിയുടെ കരുത്ത്
കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ് അഴിമതി രഹിത മുദ്രാവാക്യമുയര്‍ത്തിയുള്ള ആപ്പിന്റെ ജനനം. എവിടെ നിന്നും പിളര്‍ന്നുവന്ന പാര്‍ട്ടിയല്ല. ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന യുവാക്കളുടെ കൂട്ടായ്മയാണ് ആം ആദ്മി പാർട്ടിയായി രൂപാന്തരപ്പെട്ടത്. ആ കൂട്ടായ്മയുടെ രാഷ്ട്രീയ രൂപമാണ് പഞ്ചാബിലും തലപ്പാവണിയുന്നത്. ഹരിയാന, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണത്തിന് ആപ്പിനുള്ള ഊര്‍ജമാണ് പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലം.
ആം ആദ്മി നേതാവ് രാഘവ് ചദ്ദ മാധ്യമങ്ങളോട്...
ചൂലിനെ വാക്വാം ക്ലീനറായാണ് പഞ്ചാബിലെ ജനത ഉപയോഗിച്ചത്. ആം ആദ്മി പ്രവർത്തകർക്ക് മനോഹരമായ ദിനമാണിന്ന്. ദേശീയശക്തിയായി ആം ആദ്മി മാറി. ക്രെജിവാളിനെ തീവ്രവാദിയെന്ന് വിളിച്ചവരുടെ തനിനിറം ജനം തിരിച്ചറിഞ്ഞു. കെജ്രിവാൾ വികസനവാദിയാണ്. വലിയ സിംഹാസനങ്ങളാണ് ജനം ഇളക്കി മാറ്റിയത്. കേരളം മുതൽ കശ്മീർ വരെ എല്ലായിടത്തും ആം ആദ്മി പാർട്ടി വളരും. കെജ്രിവാൾ ഇന്ത്യയെ നയിക്കുന്ന കാലം വിദൂരമല്ല....
പത്തുവര്‍ഷത്തിനിടെ രണ്ട് സംസ്ഥാനങ്ങളുടെ ഭരണം പിടിക്കുക. രാജ്യതലസ്ഥാനത്ത് ബിജെപിയെയും കോണ്‍ഗ്രസിനെയും നിലംതൊടാന്‍ അനുവദിക്കാതെ തുടര്‍ഭരണം ഉറപ്പാക്കുക. എളുപ്പമല്ല ഈ രാഷ്ട്രീയ യാത്ര. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സ്വപ്നങ്ങളും വിചാരങ്ങളും ഭരണസേവനത്തിലൂടെ നിറവേറ്റലാണ് പാര്‍ട്ടിയുടെ പതിവ്. സാധാരണക്കാരന്റെ മുഖമുള്ള സര്‍ക്കാരെന്നത് പ്രകടനപത്രികയുടെ തലക്കെട്ടാണ്. അഴിമതി രഹിതമെന്നത് വെറുംവാക്കല്ലെന്ന് വാഗ്ദാനങ്ങളെല്ലാം നിറവേറ്റി കെജ്രിവാളും കൂട്ടരും തെളിയിച്ചു. ബിജെപിക്ക് ഭീഷണിയാണീ രാഷ്ട്രീയ വളര്‍ച്ച. കോണ്‍ഗ്രസിനെ നേരിടുംപോലെ എളുപ്പമല്ല തിരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടം. അടിത്തറ വിപുലമായൊരു ആപ് കി സര്‍ക്കാരാവും പഞ്ചാബിലും വരിക. വോട്ടിങ് മെഷീനില്‍ കാണുന്ന കൊടിയും ചിഹ്നവുമുള്ള നോട്ടയല്ല ആം ആദ്മി എന്നത് രാഷ്ട്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ചരിത്രത്തിൻ്റെ ബാധ്യതകളില്ലാത്ത പുതിയ പാർട്ടി എന്നതാണ് ആം ആദ്മിയുടെ കരുത്ത്. പാർട്ടിയുടെ അണികളും ആവേശവും യുവാക്കളാണ് മികച്ചൊരു ഇന്ത്യ എന്ന ഒറ്റ വാക്കിൽ പാർട്ടിയുടെ ആശയവും ലക്ഷ്യവും വ്യക്തം. മതത്തിൻ്റേയും ജാതിയുടേയും ബാധ്യതയില്ലാത്തതിനാൽ പൊതുസ്വീകാര്യത ആം ആ്ദമിക്കുണ്ട്.
എന്നാൽ സൂപ്പർസ്റ്റാർ പരിവേഷത്തോടെ നേതാക്കളെ ആഘോഷിക്കുന്ന ഇന്ത്യയിൽ കരുത്തുറ്റ നേതാവില്ലാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ട് പോകാനാവില്ല. ഇത്രകാലം ദില്ലി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാൾ ആ ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏൽപിച്ച് പാർട്ടിയുടെ പൂർണനേതൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ദേശീയരാഷ്ട്രീയത്തിൽ ആപ്പിൻ്റെ പ്രസക്തി വർധിക്കും. ദില്ലിക്ക് പുറത്ത് പഞ്ചാബിലേക്കും പാർട്ടി വളരുകയും ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് അടക്കം ആറോളം സംസ്ഥാനങ്ങളിൽ പാർട്ടി കരുത്താർജ്ജിച്ച് വരികയും ചെയ്യുന്ന സാഹചര്യത്തിൽ കെജ്രിവാൾ ദേശീയരാഷ്ട്രീയത്തിൽ സജീവമാകാനുള്ള സാധ്യത വളരെെയേറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുത്തുന്നത്.