
ദില്ലി: ആം ആദ്മിയുടെ 'കംപ്ലീറ്റ് ഷോ' അരങ്ങേറിയപ്പോൾ ക്യാപ്റ്റനെയും(Amarinder Singh) കൈവിട്ട് പഞ്ചാബ്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പട്യാല അർബൻ മണ്ഡലത്തിൽ വൻ പരാജയമേറ്റുവാങ്ങി. രണ്ട് തവണ മുഖ്യമന്ത്രി കസേരയിലിരുന്ന് പഞ്ചാബിനെ നയിച്ച അദ്ദേഹം പാർട്ടി വിട്ട് പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ചാണ് ഇത്തവണ പോരിനിറങ്ങിയത്. എൻഡിഎ സഖ്യത്തിൽ മത്സരിച്ച അദ്ദേഹത്തെ കളംതൊടാൻ വോട്ടർമാർ അനുവദിച്ചില്ല. ആം ആദ്മി പാർട്ടിയുടെ (എഎപി) അജിത് പാൽ സിംഗ് കോഹ്‌ലിയോടാണ് അദ്ദേഹം പരാജയം ഏറ്റുവാങ്ങിയത്. കോഹ്‌ലിക്ക് 45.68 ശതമാനം വോട്ട് ലഭിച്ചപ്പോൾ 28 ശതമാനമാണ് അമരീന്ദറിന് ലഭിച്ചത്. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
നവ്ജ്യോത് സിംഗ് സിദ്ദു - അമരീന്ദർ സിംഗ് പോരിനൊടുവിലാണ് കഴിഞ്ഞ സെപ്റ്റംബറിൽ പഞ്ചാബുകാരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത്. കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനൊപ്പം നിന്നപ്പോൾ വേദനയോടെ അമരീന്ദരിന് സ്ഥാനമൊഴിയേണ്ടി വന്നു. അതിന് ശേഷം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം അപ്രതീക്ഷിതമായാണ് എൻഡിഎ പാളയത്തിലേക്ക് എത്തിയത്. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കാമെന്നായിരുന്നു അമരീന്ദർ സിംഗ് മുന്നോട്ട് വെച്ചത്. കർഷക സമരം തിരിച്ചടിയായ ബിജെപിക്ക് അമരീന്ദർ സിംഗ് തങ്ങൾക്ക് ഒപ്പമാണെന്നതായിരുന്നു ഏക ആശ്വാസം. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ബിജെപിക്ക് ഒപ്പം അമരീന്ദറിനേയും പഞ്ചാബ് ജനത കൈവിട്ടു.
തമ്മിലടി, ഒടുവിൽ മുഖ്യമന്ത്രി കസേര നഷ്ടം, കോൺഗ്രസ് വിട്ട അമരിന്ദർ
പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. കാലങ്ങളായുള്ള അമരീന്ദര്‍ സിംഗ് - സിദ്ദു പോരില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ക്യാപ്റ്റന്റെ രാജിയോടെയുണ്ടായത്. നാല്‍പത് എംഎല്‍എമാര്‍ അമരീന്ദര്‍സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് അന്ന് കത്ത് നല്‍കി.
നാല് മന്ത്രിമാരും അമരിന്ദറിൽ അവിശ്വാസം അറിയിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയുമായി മുന്‍പോട്ട് പോകാനാവില്ലെന്നും തമ്മിലടിയില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്നും എംഎൽഎമാർ ആരോപണമുയർത്തി. ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അന്ന് അമരീന്ദറിന് തിരിച്ചടിയായി. മാറി നിൽക്കണമെന്ന കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ രാജിപ്രഖ്യാപനവും ഉണ്ടായി.
അമരീന്ദര്‍ സിംഗിനെ മാറ്റിയതോടെ ഇനിയാരാകും മുഖ്യമന്ത്രിയാകുക എന്ന ചർച്ച ഉയർന്നു. മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച സിദ്ദുവിനെ വെട്ടി അപ്രതീക്ഷിതമായി ചരണ്‍ ജിത് സിംഗ് ചന്നിയെ പരീക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സിദ്ദു പിസിസി അധ്യക്ഷനാണെന്നു അതിനാൽ മുഖ്യമന്ത്രി സ്ഥാനം നൽകാനാകില്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണമുണ്ടായത്. ഇതോടെ അമരീന്ദറിന്റെ വിമർശനങ്ങൾ ചന്നിക്കെതിരായി. മീടു ആരോപണം പരിഹരിക്കാൻ ഛന്നി തന്റെ കാലുപിടിച്ചപേക്ഷിച്ചുവെന്ന് അമരീന്ദർ തുറന്നടിച്ചു.
പഞ്ചാബിൽ കാലിടറിയ മുതിർന്ന നേതാക്കൾ
ആംആദ്മി പാർട്ടി തൂത്ത് വാരിയപ്പോൾ കാലിടറിയത് പഞ്ചാബിലെ മുതിർന്ന നേതാക്കൾക്ക്. കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും ഫസ്റ്റ് ക്ലാസ് നേതാക്കളെല്ലാം പിന്നിലാണ്. ഒടുവിലെ വിവരമനുസരിച്ച് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിക്ക് ഒപ്പം ചേർന്ന് മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിനേയും വോട്ടർമാരെ തുണച്ചില്ല. പട്യാല അർബൻ മണ്ഡലത്തിൽ അദ്ദേഹം തോറ്റു. തൊണ്ണൂറാം വയസിലും മത്സരത്തിനിറങ്ങിയ ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിംഗ് ബാദൽ ലാംബിയിലും തോറ്റു. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ചരൺജിത് സിങ് ഛന്നി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളായ കോർ സാഹിബിലും ഭദോറിലും പിന്നിലാണ്. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമ്യത്സർ ഈസ്റ്റിൽ മൂന്നാം സ്ഥാനത്താണ്.
Punjab election result 2022 : പഞ്ചാബിൽ ആപ്പിന്റെ ആധിപത്യം, കോൺഗ്രസ് പിന്നിൽ, വൻമരങ്ങൾ വീഴുന്നു
പഞ്ചാബിൽ വൻ വിജയമാണ് ആംആദ്മി പാർട്ടി സ്വന്തമാക്കിയത്. കോൺഗ്രസിനെ വലിയ മാർജിനിൽ തറപറ്റിച്ച് നേടിയ വിജയം. ആഘോഷവും ലഡു വിതരണവും നൃത്തവുമായി ആം ആദ്മി പ്രവർത്തകർ പഞ്ചാബിലും ദില്ലിയിലും തെരുവിലിറങ്ങി. അരവിന്ദ് കെജ്രിവാൾ എത്തിയതിന് ശേഷം സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുമെന്നാണ് എഎപി പാർട്ടി അറിയിച്ചത്. കേജ്‌രിവാൾ മാതൃകയിലുള്ള ഭരണത്തിനുള്ള അവസരമാണ് പഞ്ചാബ് നൽകത്. ദേശീയ തലത്തിൽത്തന്നെ കെജ്രിവാളിന്റെ ഭരണരീതിക്ക് ലഭിച്ച പിന്തുണയും ജനപ്രീതിയുമാണ് ഈ വിജയമെന്നാണ് എഎപി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചത്. ആംആദ്മി പാർട്ടിയുടെ ചരിത്ര മുന്നേറ്റത്തിൽ പഞ്ചാബിൽ സൂപ്പർമാനായി തിളങ്ങിയത് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ആണ്. ഹാസ്യതാരത്തിൽ തുടങ്ങി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്കാണ് ഭഗവന്ത് മൻ എത്തുന്നത്. പാർട്ടിക്കുള്ളിൽ നിന്നും തന്നെ വലിയ എതിർപ്പ് ഭഗ്വന്ദ് മാനെതിരെയുണ്ട്. അത് ഭരണത്തിൽ ആപ്പിന് തിരിച്ചടിയായേക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ കെജ്രിവാളിന്റെ ആശീർവാദവും പിന്തുണയും ഭഗ്വന്ദ് മാനുണ്ടെന്നത് ശ്രദ്ധേയമാണ്.