'ദില്ലിയിൽ നിന്നും പഞ്ചാബിലെത്തിയ വിപ്ലവം, താമസിയാതെ രാജ്യമെമ്പാടും വ്യാപിക്കു'മെന്ന് കെജ്‍രിവാൾ

Web Desk   | Asianet News
Published : Mar 10, 2022, 06:06 PM IST
'ദില്ലിയിൽ നിന്നും പഞ്ചാബിലെത്തിയ വിപ്ലവം, താമസിയാതെ രാജ്യമെമ്പാടും വ്യാപിക്കു'മെന്ന് കെജ്‍രിവാൾ

Synopsis

ദില്ലിയിൽ ആരംഭിച്ച വിപ്ലവം പഞ്ചാബിൽ എത്തിയെന്നും ഉടൻ രാജ്യമെമ്പാടും വ്യാപിക്കുമെന്നും ആം ആദ്മി പാർട്ടി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ.

ദില്ലി:  പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി)  (Aam Admi Party)ചരിത്ര വിജയം നേടിയ സാഹചര്യത്തിൽ, ദില്ലിയിൽ ആരംഭിച്ച വിപ്ലവം പഞ്ചാബിൽ എത്തിയെന്നും ഉടൻ രാജ്യമെമ്പാടും വ്യാപിക്കുമെന്നും ആം ആദ്മി പാർട്ടി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ (Arvind Kejriwal). 'ആദ്യം ദില്ലിയിലും പിന്നീട് പഞ്ചാബിലും ഒരു വിപ്ലവം ഉണ്ടായി. താമസിയാതെ രാജ്യം മുഴുവൻ ഈ വിപ്ലവം നടക്കും.' ദില്ലിയിലെ പാർട്ടി ഓഫീസിൽ വെച്ച് കെജ്‌രിവാൾ പറഞ്ഞു. 

ആം ആദ്മി പാർട്ടിക്കെതിരെ എല്ലാവരും ഒത്തുകൂടി, കെജ്രിവാൾ തീവ്രവാദിയാണെന്ന് പറഞ്ഞു. എന്നാൽ രാജ്യത്തെ ജനങ്ങൾ പറഞ്ഞത് കെജ്‌രിവാൾ ഒരു തീവ്രവാദിയല്ല, യഥാർത്ഥ ദേശഭക്തനാണ് എന്നാണെന്നും അരവിന്ദ് കെജ്‍രിവാൾ കൂട്ടിച്ചേർത്തു. ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ‘ദില്ലി മോഡൽ’ ആയിരുന്നു പഞ്ചാബ് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന ഘടകങ്ങളിലൊന്ന്. 'സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും നമ്മൾ വ്യവസ്ഥിതി മാറ്റിയില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന് ഭഗത് സിംഗ് ഒരിക്കൽ പറഞ്ഞിരുന്നു. കഴിഞ്ഞ 75 വർഷമായി ഈ പാർട്ടികളും രാഷ്ട്രീയക്കാരും ബ്രിട്ടീഷുകാരുടെ സമ്പ്രദായം നിലനിർത്തിയിരുന്നു. അവർ സ്കൂളുകളോ ആശുപത്രികളോ ഉണ്ടാക്കിയില്ല. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ആം ആദ്മി പാർട്ടി ഈ സംവിധാനത്തെ മാറ്റിമറിച്ചു.' കെജ്‍രിവാൾ പറഞ്ഞു.

ഭഗത് സിങ്ങിന്റെയും ബാബാസാഹേബ് അംബേദ്കറിന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കും. വിദ്വേഷത്തിന് ഇടമില്ലാത്ത, നമ്മുടെ സഹോദരിമാരും അമ്മമാരും സുരക്ഷിതരാകുന്ന, പണക്കാരനും പാവപ്പെട്ടവർക്കും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ഒരു പുതിയ ഭാരതം നിർമ്മിക്കുമെന്ന് നാമെല്ലാവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും കെജ്‍രിവാൾ ആഹ്വാനം ചെയ്തു. 

'പഞ്ചാബിൽ ശക്തമായ കസേരകളെല്ലാം ഇളകി. സുഖ്ബീർ സിംഗ് ബാദൽ തോറ്റു, ക്യാപ്റ്റൻ സർ (അമരീന്ദർ സിംഗ്) തോറ്റു, ഛന്നി തോറ്റു, നവജ്യോത് സിംഗ് സിദ്ധു തോറ്റു.' തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ നേതാക്കൾക്കെതിരെയാണ് കെജ്‍രിനവാൾ ഈ പരാമർശം നടത്തിയത്.  ഗോവയിലെയും പഞ്ചാബിലെയും ഫലങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ‘കെജ്‌രിവാൾ മോഡൽ ഭരണം’ ദേശീയമായി മാറിയെന്ന് വ്യക്തമാക്കുന്നതായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. പഞ്ചാബിലെ ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് അവസരം നൽകിയതാണെന്നും സിസോദിയ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു