
അമൃത്സർ: പഞ്ചാബിൽ (Punjab) ദളിത് വോട്ടുകൾ (Dalit Votes) തുണയ്ക്കുമെന്ന കോൺഗ്രസിൻ്റെ (Congress) കണക്കു കൂട്ടലാണ് ഈ തെരഞ്ഞെടുപ്പിൽ പിഴച്ചത്. ചന്നിയെ (Charanjith Singh Chhanni) മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയുള്ള പരീക്ഷണവും പാളി. പടലപ്പിണക്കവും പ്രചാരണങ്ങളിലെ വീഴ്ച്ചയും കോൺഗ്രസിൻ്റെ പതനം പൂർത്തിയാക്കി.
പലവിധ ജാതി സമവാക്യങ്ങളൊക്കെ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്താൻ ഒരു ശ്രമം നടത്തിയത്. ചരൺ ജിത്ത് സിംഗ് ഛന്നി എന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ദളിത് വോട്ടുകളുടെ ഏകീകരണം കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. പക്ഷേ, മാൾവാ മേഖലയിലേതടക്കമുള്ള ദളിത് സീറ്റുകളിൽ കോൺഗ്രസിന് കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഛന്നി മത്സരിച്ച ബദൗറിലും ചാംകൂർസാഹിലും ഛന്നി തോറ്റു. ചാംകൂർസാഹ് ഛന്നിയുടെ സ്വന്തം മണ്ഡലമാണ്. 15 വർഷം ഛന്നിയെ എംഎൽഎ ആക്കിയ മണ്ഡലമാണിത്. അമൃത്സർ ഈസ്റ്റിൽ നവ്ജ്യോത് സിംഗ് സിദ്ദു തോറ്റു. അങ്ങനെ പ്രമുഖ നേതാക്കളും മന്ത്രിമാരും അടക്കമുള്ളവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
Read Also: തോൽവി പാഠം, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ലെന്നും കോൺഗ്രസ്
ആം ആദ്മി പാർട്ടി ഉയർത്തിയ വെല്ലുവിളി മുന്നിൽക്കണ്ടാണ് ഹൈക്കമാന്റ് ഇടപെടലിന് ശേഷം ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതുവഴി ദളിത് വോട്ടുകൾ ഒന്നിച്ച് കോൺഗ്രസിലേക്കെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അത് സംഭവിച്ചില്ല. പാർട്ടിക്കുള്ളിലെ ഉൾപ്പോരും ശക്തമായിരുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ഉള്ളപ്പോൾ മാത്രമാണ് ഒരു ഏകോപന സംവിധാനത്തിലേക്ക് കോൺഗ്രസിന് പഞ്ചാബിൽ പ്രവർത്തിക്കാനായത് . ഇതെല്ലാം തന്നെ തിരിച്ചടിയായി.
പഞ്ചാബിന് ശേഷം ആം ആദ്‍മി പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യം ഈ സംസ്ഥാനങ്ങള്‍
പഞ്ചാബിലെ മിന്നും ജയത്തിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ആം ആദ്‍മി പാര്‍ട്ടി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു. രാജ്യത്തെമ്പാടും ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്തും ഹിമാചല്‍ പ്രദേശും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങളാണെന്ന് അക്ഷയ് മറാത്തെ പറഞ്ഞു. ഈ സംസ്ഥാനങ്ങലേക്ക് പ്രവര്‍ത്തകരെ അയക്കുകയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തീര്‍ച്ചയായും വലിയ പ്രതിഫലനം അവിടങ്ങളില്‍ ഉണ്ടാക്കാനാവും. തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ നിന്ന് ഒരെണ്ണത്തിനെ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍. ഇതാദ്യമായാണ് ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള ഒരു ബദല്‍ ജനങ്ങള്‍ കാണുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ പാര്‍ട്ടികള്‍ ഞങ്ങളുടെ സാന്നിദ്ധ്യം പോലും അംഗീകരിക്കുകയോ ഞങ്ങളെ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആം ആദ്‍മി പാര്‍ട്ടി തൂത്തുവാരി. എല്ലാ അവഗണനകളും സഹിച്ചുകൊണ്ടാണ് ആം ആദ്‍മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കഠിനാധ്വാനം ചെയ്‍തത്. ഞങ്ങളുടെ പ്രവര്‍ത്തനം ഇപ്പോള്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നതായി മാറിയെന്നും അദ്ദേഹം പറഞ്ഞു.