Election Results : രണ്ട് സംസ്ഥാനങ്ങളിൽ ഭരണം; എഎപിക്ക് മുമ്പിൽ വെല്ലുവിളികളും ധാരാളം, ശൈലി മാറ്റുമോ കേജ്രിവാൾ

Web Desk   | Asianet News
Published : Mar 10, 2022, 07:40 PM IST
Election Results :  രണ്ട് സംസ്ഥാനങ്ങളിൽ ഭരണം; എഎപിക്ക് മുമ്പിൽ വെല്ലുവിളികളും ധാരാളം, ശൈലി മാറ്റുമോ കേജ്രിവാൾ

Synopsis

ദില്ലിയിലേക്കാൾ വലിയ സംസ്ഥാനത്തിന്‍റെ ഭരണത്തിൽ  അരവിന്ദ് കേജ്രിവാളിന് എത്രത്തോളം പിടിമുറുക്കാൻ കഴിയുമെന്നതാണ് പ്രധാന ചോദ്യം. പൂർണ്ണ അധികാരമുള്ള സംസ്ഥാനത്തിൽ പൊലീസിൽ അടക്കം ആംആദ്മി പാർട്ടിയുടെ നയമെന്താകും എന്നതും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.   

ദില്ലി: രണ്ട് സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയായി എഎപി (AAP)  മാറുമ്പോൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളികളും നിറയുകയാണ്. ദില്ലിയിലേക്കാൾ വലിയ സംസ്ഥാനത്തിന്‍റെ ഭരണത്തിൽ  അരവിന്ദ് കേജ്രിവാളിന് (Aravind Kejriwal) എത്രത്തോളം പിടിമുറുക്കാൻ കഴിയുമെന്നതാണ് പ്രധാന ചോദ്യം. പൂർണ്ണ അധികാരമുള്ള സംസ്ഥാനത്തിൽ പൊലീസിൽ അടക്കം ആംആദ്മി പാർട്ടിയുടെ നയമെന്താകും എന്നതും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. 

ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളിൽ അധികാരമുള്ള ഒരെയൊരു പാർട്ടി.  ദില്ലി അതിർത്തി കടന്നുള്ള വളർച്ച ആം ആദ്മിപാർട്ടി  കുറിക്കുമ്പോൾ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രണ്ട് സംസ്ഥാനങ്ങളിലെ പാർട്ടിയും ഭരണവും നിയന്ത്രിക്കാൻ ,കേജ്രിവാൾ ശക്തനായ ഹൈക്കമാൻഡ് ആകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ദില്ലിയിൽ വിശ്വസ്തനായ മനീഷ് സിസോദിയക്ക് കണ്ണുംപൂട്ടി കേജ്രിവാളിന് ഭരണമേൽപിക്കാം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് പാർട്ടി ഏകോപനത്തിലേക്ക് കേജ്രിവാൾ കടന്നാൽ ദില്ലിക്കാരുടെ എതിർപ്പ് എഎപിയെ വെട്ടിലാക്കും. ദില്ലി മുഖ്യമന്ത്രിയായി തുടരുകയും ഭാഗവന്ത് മന്നിനെ മുന്നിൽ നിർത്തി സൂപ്പർ മുഖ്യമന്ത്രിയാകാൻ കേജ്രിവാൾ ശ്രമിച്ചാൽ പഞ്ചാബിലും പ്രശ്നങ്ങൾ തുടങ്ങും. അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറയുന്ന നിലപാടുകളിൽ സന്ധിയില്ലാത്ത നേതാവാണ് ഭാഗവന്ത് മൻ. കേജ്രിവാളിനോടും എതിർപ്പ് പ്രകടിപ്പിച്ച് എഎപി സംസ്ഥാന കണ്‍വീനർ സ്ഥാനം വലിച്ചെറിഞ്ഞ ചരിത്രവും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിക്കുണ്ട്. മന്നിന്‍റെ മനം നോക്കി വിട്ടുവീഴ്ചകളോടെ ഒപ്പം നിർത്തുക തന്നെയാണ് പ്രധാന വെല്ലുവിളി. 

അന്തർ സംസ്ഥാന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം സത്ലജ് നദിയെ യമുനയുമായി ബന്ധിപ്പിക്കുന്നതിലെ തർക്കമാണ്. പഞ്ചാബ് ഒരു ഭാഗത്തും ഹര്യാന, ദില്ലി സംസ്ഥാനങ്ങൾ മറുഭാഗത്തും. കർഷകരെ തൊട്ടാൽ പൊള്ളുന്ന  പഞ്ചാബിൽ ഏത് സംസ്ഥാനത്തിന്‍റെ താത്പര്യം എഎപി ഉയർത്തിപിടിക്കും എന്നതും പ്രധാന ചോദ്യം. പരിമിതമായ അധികാരങ്ങളുള്ള സർക്കാരാണ് ദില്ലി സർക്കാർ. അതേസമയം സംസ്ഥാനത്തിന്‍റെ പൂർണ്ണ അധികാരങ്ങളുള്ള പഞ്ചാബിൽ ഭരണത്തിൽ എത്തുമ്പോൾ എഎപിയുടെ കാഴ്ചപാടുകൾ എന്താകും എന്നതും ശ്രദ്ധേയം. മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിൽ ദില്ലി മോഡലിനോളം ഇനി എഎപിക്ക് പ്രധാനം പഞ്ചാബ് മോഡലാണ്. കർഷക ക്ഷേമത്തിലും ആഭ്യന്തര നയത്തിലും എഎപിയുടെ ചുവടുകളും മറ്റ് സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നു.. യോഗേന്ദ്ര യാദവ്,അശുതോഷ്,ഷാസിയ ഇൽമി,കുമാർ വിശ്വാസ് അപ്രിയം തോന്നിയാൽ എത്രവ‍മ്പനായാലും പാർട്ടിക്ക് പുറത്ത് എന്നതാണ് കേജ്രിവാൾ ശൈലി. രാജ്യം മുഴുവൻ ഇൻക്വിലാബ് മുഴക്കാനൊരുങ്ങുന്ന കേജ്രിവാളിന് ഈ ശൈലിയിലും തിരുത്തൽ വേണ്ടി വരും.
 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു