
ബദൗർ: പഞ്ചാബിൽ (Punjab) ഇത്തവണ കോൺഗ്രസിന്റെ (Congress) മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺ ജിത് സിംഗ് ഛന്നിയെ (Charanjith Singh Chhanni) ബദൗറിൽ തോൽപ്പിച്ചത് ആം ആദ്മി പാർട്ടിയാണ് (AAP) . ബൗദർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ആ ആം ആദ്മി സ്ഥാനാർത്ഥിയുടെ പേര് ലാഭ് സിങ് ഉകുകേ (Labh Singh Ugoke) . മൊബൈൽ റിപ്പയർ ഷോപ്പ് ജീവനക്കാരനാണ് ഈ 35കാരൻ. ഉകുകേയുടെ കന്നിയങ്കമാണ് ഇത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു തുടങ്ങി, പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വൻ വിജയത്തിന്റെ സൂചനകൾ ഉറപ്പിച്ചു തുടങ്ങിയ നിമിഷങ്ങളിൽ അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് പറഞ്ഞു "നിങ്ങൾക്കറിയാമോ ചരൺ ജിത് സിംഗ് ഛന്നിയെ ആരാണ് തോൽപ്പിച്ചത് എന്ന്? അത് എഎപി സ്ഥാനാർത്ഥി ലാഭ് സിങ് ഉകുകേ ആണ്, അദ്ദേഹം ഒരു മൊബൈൽ റിപ്പയർ ഷോപ്പ് ജീവനക്കാരനാണ്."
2013ലാണ് ഉകുകേ ആം ആദ്മി പാർട്ടിയിൽ ചേർന്നത്. അച്ഛൻ ഡ്രൈവറാണ്, അമ്മ ഒരു സർക്കാർ സ്കൂളിലെ തൂപ്പുകാരിയും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനാണ് ഉകുകേ. "മുഖ്യമന്ത്രി ഛന്നി ഒരു സാധാരണക്കാരന്റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ്. ബദൗറിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഛന്നിക്കറിയില്ല. എന്റെ മണ്ഡലത്തിൽ 74 ഗ്രാമങ്ങളുണ്ട്, ഓരോ ഗ്രാമത്തിലെയും പ്രശ്നങ്ങൾ എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം ബദൗർ കേവലമൊരു നിയമസഭ മണ്ഡലമല്ല, എന്റെ കുടുംബമാണ്. ഛന്നി സാഹിബിന് ഇവിടുത്തെ 10 ഗ്രാമങ്ങളുടെ പേര് പോലും തികച്ചറിയില്ല, അദ്ദേഹത്തിന് ഇത് വെറും മണ്ഡലം മാത്രമാണ്. മാർച്ച് 10ന് ശേഷം നോക്കിക്കോളൂ, ഛന്നിയെ ബദൗറിൽ നാമനിർദ്ദേശം ചെയ്ത ആളെ അദ്ദേഹം അന്വേഷിക്കുന്ന അവസ്ഥ വരും"- തെരഞ്ഞെടുപ്പിന് മുമ്പേ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഉകുകേ വെല്ലുവിളിച്ചു. ഉകുകേയുടെ ദീർഘവീക്ഷണം സത്യമായി. 37,558 വോട്ടുകൾക്ക് ഛന്നി ഉകുകേയോട് പരാജയപ്പെട്ടു.
പഞ്ചാബിൽ ദളിത് വോട്ടുകൾ തുണയ്ക്കുമെന്ന കോൺഗ്രസിൻ്റെ കണക്കു കൂട്ടലാണ് ഈ തെരഞ്ഞെടുപ്പിൽ പിഴച്ചത്.ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയുള്ള പരീക്ഷണവും പാളി. പടലപ്പിണക്കവും പ്രചാരണങ്ങളിലെ വീഴ്ച്ചയും കോൺഗ്രസിൻ്റെ പതനം പൂർത്തിയാക്കി.
പലവിധ ജാതി സമവാക്യങ്ങളൊക്കെ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്താൻ ഒരു ശ്രമം നടത്തിയത്. ചരൺ ജിത്ത് സിംഗ് ഛന്നി എന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ദളിത് വോട്ടുകളുടെ ഏകീകരണം കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. പക്ഷേ, മാൾവാ മേഖലയിലേതടക്കമുള്ള ദളിത് സീറ്റുകളിൽ കോൺഗ്രസിന് കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഛന്നി മത്സരിച്ച ബദൗറിലും ചാംകൂർസാഹിബിലും ഛന്നി തോറ്റു. ചാംകൂർസാഹിബ് ഛന്നിയുടെ സ്വന്തം മണ്ഡലമാണ്. 15 വർഷം ഛന്നിയെ എംഎൽഎ ആക്കിയ മണ്ഡലമാണിത്. അമൃത്സർ ഈസ്റ്റിൽ നവ്ജ്യോത് സിംഗ് സിദ്ദു തോറ്റു. അങ്ങനെ പ്രമുഖ നേതാക്കളും മന്ത്രിമാരും അടക്കമുള്ളവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ആം ആദ്മി പാർട്ടി ഉയർത്തിയ വെല്ലുവിളി മുന്നിൽക്കണ്ടാണ് ഹൈക്കമാന്റ് ഇടപെടലിന് ശേഷം ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതുവഴി ദളിത് വോട്ടുകൾ ഒന്നിച്ച് കോൺഗ്രസിലേക്കെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അത് സംഭവിച്ചില്ല. പാർട്ടിക്കുള്ളിലെ ഉൾപ്പോരും ശക്തമായിരുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ഉള്ളപ്പോൾ മാത്രമാണ് ഒരു ഏകോപന സംവിധാനത്തിലേക്ക് കോൺഗ്രസിന് പഞ്ചാബിൽ പ്രവർത്തിക്കാനായത് . ഇതെല്ലാം തന്നെ തിരിച്ചടിയായി.