
തൃശൂര്‍: പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട് ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിലുണ്ടായ അക്രമങ്ങളടക്കമുള്ള കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതി. വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ പി പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.
പൊതുമുതല്‍ നശിപ്പിച്ചതുൾപ്പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ അടക്കം ഏഴു ക്രിമിനൽ കേസുകളിലെ പ്രതിയാണ് കെ പി പ്രകാശ് ബാബു. തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത സീറ്റില്‍ തന്നെയായിരുന്നു പ്രകാശ് ബാബുവുണ്ടായിരുന്നത്.