മാധുരി ദീക്ഷിത് ബിജെപി സ്ഥാനാര്‍ത്ഥി? സൂചനകളുമായി പാര്‍ട്ടി വൃത്തങ്ങള്‍...

By Web TeamFirst Published Dec 6, 2018, 5:53 PM IST
Highlights

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും ബിജെപി തട്ടിയെടുത്ത മണ്ഡലമാണ് പുനെ. ഇക്കുറി, അത് നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാധുരിയെ മത്സരിപ്പിക്കാനുള്ള തീരുമാനമെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

മുംബൈ: ബോളിവുഡ് താരം മാധുരി ദീക്ഷിത് 2019 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചേക്കുമെന്ന് സൂചന. മുംബൈയിലുള്ള പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

പുനെ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മാധുരി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കളോ നടിയോ ഈ വിഷയത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. 

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒരു പാര്‍ട്ടി പരിപാടിക്കിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ മുംബൈയിലുള്ള വസതിയിലെത്തി അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മാധുരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനായിരുന്നു അമിത് ഷായുടെ നീക്കമെന്ന് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാധുരിയുടെ പേരുണ്ട് എന്ന റിപ്പോര്‍ട്ട് വരുന്നത്. 

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ബിജെപി, മുമ്പും ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ ചരിത്രമുണ്ട്. ഹേമമാലിനി, കിരണ്‍ ഖേര്‍ എന്നീ നടിമാര്‍ സമാനമായ രീതിയില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച് ലോക്‌സഭയില്‍ എത്തിയവരാണ്.

ആരാധകരുടെ കാര്യത്തില്‍ ഇപ്പോഴും, എന്തുകൊണ്ടും മുന്നിലാണ് അന്‍പത്തിയൊന്നുകാരിയായ മാധുരി. ബിജെപിയുടെ കണക്കുകൂട്ടലുകളും ഈ ആരാധകസമ്മതിയെ ചുറ്റിപ്പറ്റി തന്നെയാണ്. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും ബിജെപി തട്ടിയെടുത്ത മണ്ഡലമാണ് പുനെ. ഇക്കുറി, അത് നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാധുരിയെ മത്സരിപ്പിക്കാനുള്ള തീരുമാനമെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

click me!