ഉമ്മൻചാണ്ടി കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ?

Published : Dec 05, 2018, 01:04 PM ISTUpdated : Dec 05, 2018, 02:59 PM IST
ഉമ്മൻചാണ്ടി കോട്ടയത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ?

Synopsis

എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് മുഴുവൻ സമയ ചുവടുമാറ്റത്തിനില്ല എന്ന സന്ദേശം ഉമ്മൻ ചാണ്ടി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള  മുതിർന്ന നേതാക്കളെ കോൺഗ്രസ് നേതൃത്വം കളത്തിലിറക്കിയേക്കും. ഉമ്മൻചാണ്ടി മത്സരിച്ചാൽ കോട്ടയം സീറ്റ്  കോൺഗ്രസ്, കേരള കോൺഗ്രസുമായി വച്ചുമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമോ? വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കുമിടയിൽ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. അങ്കത്തട്ടിൽ ആരൊക്കെ? നാടകീയ നീക്കങ്ങൾക്കൊടുവിൽ സമവാക്യങ്ങൾ മാറുമോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടങ്ങുന്നു, 'കളം പിടിക്കാൻ ആരൊക്കെ?'

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ  സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ രാഷ്ട്രീയ കേരളം ആദ്യം നോക്കുന്ന മണ്ഡലങ്ങളിലൊന്ന് കോട്ടയം ആയിരിക്കും. എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനരാഷ്ട്രീയത്തിൽ അത്ര സജീവമല്ലാതെ നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്തു നിന്ന് മത്സരിക്കുമോ എന്ന ചർച്ച കോൺഗ്രസിന്‍റെ ഉപശാലകളിൽ സജീവമാണ്. കോട്ടയം, ഇടുക്കി സീറ്റുകൾ പരസ്പരം വച്ചു മാറില്ലെന്ന് കോൺഗ്രസും കേരള കോൺഗ്രസും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിലപാടായിരിക്കും നിർണ്ണായകമാവുക.

എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് മുഴുവൻ സമയ ചുവടുമാറ്റത്തിനില്ല എന്ന സന്ദേശം ഉമ്മൻ ചാണ്ടി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെത പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള  മുതിർന്ന നേതാക്കളെ കോൺഗ്രസ് നേതൃത്വം കളത്തിലിറക്കിയേക്കും. ഉമ്മൻചാണ്ടി മത്സരിച്ചാൽ കോട്ടയം സീറ്റ് കോൺഗ്രസ്, കേരള കോൺഗ്രസുമായി വച്ചുമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ഉള്ളതുകൊണ്ട് സീറ്റ് വിഭജന ചർച്ചകൾ എങ്ങും  തുടങ്ങിയിട്ടില്ല. ഘടക കക്ഷികളുടെ സിറ്റിംഗ് സീറ്റുകൾ അവർക്കു തന്നെ എന്ന പതിവ് യുഡിഎഫ് നയത്തിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്. കോട്ടയം എംപിയായിരുന്ന  ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയ സമയത്താണ് കേരള കോൺഗ്രസിന്  കോട്ടയത്തിനു പകരം ഇടുക്കിയെന്ന ചർച്ച ആദ്യം തുടങ്ങിയത്. എന്നാൽ മുൻനിര നേതാക്കൾ തന്നെ തള്ളിയതോടെ അവസാനിച്ച ഈ വിഷയം സീറ്റ് വിഭജന സമയത്ത് വീണ്ടും ഉയരാനുള്ള സാധ്യത  ശക്തമാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താൽപ്പര്യമെന്ന് പലവട്ടം വ്യക്തമാക്കിയ  ഉമ്മൻ ചാണ്ടിക്കായി  കോട്ടയം വിട്ടു നൽകേണ്ട സാഹചര്യം ഉണ്ടാകുമെന്ന്  കേരള കോൺഗ്രസ് തൽക്കാലം  പ്രതീക്ഷിക്കുന്നില്ല. സ്വന്തം നിയമസഭാ  അംഗത്വത്തിന്‍റെ സുവർ‍ണ്ണ ജൂബിലിക്ക് ഒരു വർഷം മാത്രം ബാക്കിയിരിക്കെ  ലോക്സഭയിലേക്ക്  മത്സരിക്കാൻ  ഉമ്മൻചാണ്ടി സമ്മതിക്കില്ലെന്ന് കരുതുന്നവരുമുണ്ട്.

എഐസിസി നേതൃത്വത്തിന്‍റെ ഭാഗമായ ഉമ്മൻചാണ്ടി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകണമെന്ന നിർദ്ദേശം ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കോൺഗ്രസിലുണ്ട്. ഇത്തവണത്തെ പൊതു  തെരഞ്ഞെടുപ്പ്  കോൺഗ്രസിന് ഏറ്റവും നിർണ്ണായകമായതിനാൽ ഏതൊക്കെ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന കാര്യത്തിലും അന്തിമ  തീരുമാനം ഹൈക്കമാൻഡിന്‍റേത് ആയിരിക്കും.

അതേസമയം കോട്ടയത്ത് സീറ്റ് ഉറപ്പിച്ചുതന്നെയാണ് കേരള കോൺഗ്രസ് നീങ്ങുന്നത്. അടുത്ത മാസം തുടങ്ങുന്ന ജോസ് കെ മാണിയുടെ കേരള യാത്ര തന്നെ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്‍റെ  ഭാഗമാണ്. എന്നാൽ സീറ്റ് വിഭജന ചർച്ചാവേളയിൽ ഉമ്മൻചാണ്ടിക്കായി ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായാൽ കേരള കോൺഗ്രസിന് വഴങ്ങേണ്ടി വരും.

"

PREV
click me!