
ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മികച്ച ഭൂരിപക്ഷത്തോടെ യോഗി ആദിത്യനാഥ് സർക്കാർ അധികാരം നിലനിർത്തുമ്പോൾ യോഗിയുടെ തിരിച്ചു വരവ് ഏഴ് മാസം മുൻപ് പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് - ജൻ കീ ബാത്ത് സർവ്വേയും വീണ്ടും ശ്രദ്ധേയമാകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഏഴ് മാസം മുൻപ് 2021 ഓഗസ്റ്റിലാണ് മൂഡ് ഓഫ് വോട്ടേഴ്‌സ് സർവേ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് യുപിയിലെ ജനങ്ങളുടെ ജനഹിതം അറിയാൻ ശ്രമിച്ചത്.
സർവേയിൽ പങ്കെടുത്ത യുപിയിലെ 51 ശതമാനം വോട്ടർമാരും യോഗി മുഖ്യമന്ത്രിയായി തുടരണമെന്ന് അഭിപ്രായപ്പെടുകയും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം ലഭിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് തന്നെ ആദ്യമായിട്ടായിരുന്നു ഒരു മാധ്യമം യുപിയിൽ ബിജെപിക്ക് തുടർഭരണം ആ സമയത്ത് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിനെ കാൺപൂർ ബുന്ദേൽഖണ്ഡ്, അവധ്, വെസ്റ്റ്, ബ്രിജ്, കാശി, ഗോരക്ഷ് എന്നിങ്ങനെ ആറ് മേഖലകളായി തിരിച്ചാണ് അന്ന് സർവേ നടത്തിയത്.
തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ട് വിഹിതത്തോടെ ബിജെപി ജയിക്കുമെന്നും 222 മുതൽ 260 വരെ സീറ്റുകൾ നേടുമെന്നുമായിരുന്നു കണ്ടെത്തൽ. സമാജ് വാദി പാർട്ടി 135 സീറ്റുകൾ വരെ നേടുമെന്നും സർവേ പ്രവചിച്ചു. വൈകിട്ട് അഞ്ച് മണിക്കുള്ള കണക്ക് അനുസരിച്ച് 254 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചത്. നിലവിൽ 113 സീറ്റുകളിൽ എസ്.പിയും ലീഡ് ചെയ്യുന്നു. ബിഎസ്പി ഒറ്റ അക്കത്തിൽ ഒതുങ്ങുമെന്നായിരുന്നു സർവേയിലെ പ്രവചനം. നിലവിൽ ഒരു സീറ്റിലാണ് ബിഎസ്പി ജയിച്ചത്.
ബിഎസ്പിയുടേത് എന്ന പോലെ കോൺഗ്രസും തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന് സർവേ പ്രവചിച്ചിരുന്നു. അതു ശരിവച്ചു കൊണ്ട് വെറും രണ്ട് സീറ്റിലാണ് കോൺഗ്രസിന് നിലവിൽ ജയസാധ്യതയുള്ളത്. അഖിലേഷിന് 38 ശതമാനം വോട്ടർമാരാണ് മുൻഗണന നൽകിയതെന്നും മായാവതിയെ എട്ട് ശതമാനം പേർ മാത്രമാണ് തിരഞ്ഞെടുത്തതെന്നും സർവേയിൽ കണ്ടെത്തിയിരുന്നു. വെറും രണ്ട് ശതമാനം വോട്ടർമാരാണ് പ്രിയങ്ക ഗാന്ധിയെ സർവേയിൽ പിന്തുണച്ചത്.