Punjab Election 2022 : ഇത് പഞ്ചാബിന്റെ സെലൻസ്കി; കൊമേഡിയനിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക് ഭഗവന്ത്‌ മാൻ

Published : Mar 10, 2022, 02:11 PM IST
Punjab  Election 2022 :  ഇത് പഞ്ചാബിന്റെ സെലൻസ്കി; കൊമേഡിയനിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക് ഭഗവന്ത്‌ മാൻ

Synopsis

ആം ആദ്മി പാർട്ടിയുടെ ഈ നേട്ടം, ലോക്സഭാ സെമിഫൈനലിന് മുന്നോടിയായി ബിജെപിക്കുള്ള ഒരു മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. 

ആം ആദ്മി പാർട്ടി പഞ്ചാബിൽ സീറ്റുകൾ തൂത്തുവാരിയതോടെ മാധ്യമശ്രദ്ധ മുഴുവൻ പാർട്ടിയുടെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്‌ മാനിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ മിന്നും ജയത്തോടെ മാൻ, ആം ആദ്മി പാർട്ടിയെ ഒരു ദേശീയ പാർട്ടിയാക്കി ഉയർത്തിയിരിക്കുകയാണ്. നിലവിൽ പഞ്ചാബിന്റെയാകെ ജനവിധി പോക്കറ്റിലാക്കിയ ആം ആദ്മി പാർട്ടിയുടെ ഈ നേട്ടം, ലോക്സഭാ സെമിഫൈനലിന് മുന്നോടിയായി ബിജെപിക്കുള്ള ഒരു മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അനുകൂലമായ ഫലസൂചനകൾ വന്നതോടെ ആം ആദ്മി പാർട്ടി ക്യാംപ് ഒരു ആഘോഷത്തിമിർപ്പിലേക്ക് കടന്നിട്ടുണ്ടെങ്കിലും, ഇന്നത്തെ ഈ വിജയത്തിലേക്ക് പാർട്ടിയെ എത്തിക്കാൻ വേണ്ടി ഭഗവന്ത്‌ മാൻ എന്ന ജനനേതാവ് സഞ്ചരിച്ച വഴികൾ കഷ്ടതകൾ ഏറെ നിറഞ്ഞതായിരുന്നു. 

ഒരു ജനപ്രിയ ടെലിവിഷൻ സീരിയലിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്, അഴിമതിക്കെതിരായി വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജനപ്രീതി നേടി, പിന്നാലെ ഉക്രെയിന്റെ പ്രസിഡന്റായി മാറിയ വോളോഡിമിർ സെലൻസ്കിയുടെതിനു സമാനമാണ് ഒരർത്ഥത്തിൽ ഭഗവന്ത്‌ മാനിന്റെയും ഈ നേട്ടം. അവിടെ സെലൻസ്‌കിക്ക് നേരിടാനുള്ളത് പുടിന്റെ കടന്നാക്രമണങ്ങളെയാണെങ്കിൽ, ഉഡ്താ പഞ്ചാബിൽ ഭഗവന്ത്‌ മാൻ പോരാടി ജയിക്കാനുള്ളത് സംസ്ഥാനത്തെ യുവമനസ്സുകളെ തളർത്തുന്ന ലഹരിമാഫിയകളോടും, സംസ്ഥാനത്ത് ആഴത്തിൽ വേരോടിക്കഴിഞ്ഞ അഴിമതിയോടുമാണ്. 

ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അംഗങ്ങളെ കാഴ്ച്ചക്കാരാക്കി ഇരുത്തി, സ്മാഷുകൾ പായിക്കുന്ന വോളിബോൾ താരം കൂടിയായ ഭഗവന്ത് മാന്റെ പ്രസംഗങ്ങൾ വൈറലാണ്. 2014 ലും 2019 ലും തുടർച്ചയായി പഞ്ചാബിലെ സംഗരൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാൻ ഹാസ്യത്തെ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാൻ നർമ്മമൊളിപ്പിച്ച പ്രസംഗങ്ങൾ തന്നെ ധാരാളമാണ്

അവനവനെ ഭഗത് സിങിന്റെ അനുയായി എന്ന് വിശേഷിപ്പിക്കുന്ന ഭഗവന്ത്‌ മാൻ ഒരു കോളേജ് ഡ്രോപ്പ് ഔട്ട് ആണ്. ഭഗവന്ത്‌ ഒരു കൊമേഡിയന്റെ റോളിൽ 'ദി ഗ്രേറ്റ് ഇന്ത്യൻ ലോഫ്റ്റർ ചലഞ്ച് 'എന്ന നാഷണൽ ടെലിവിഷൻ ഷോയിൽ മത്സരിച്ചപ്പോൾ അന്നതിന്റെ ജഡ്ജ് നവജോത് സിംഗ് സിദ്ധു ആയിരുന്നു. അതെ സിദ്ധുവാണ് ഈ  ഭഗവന്ത്‌ മാനിന്റെ പ്രധാന എതിരാളിയായി ഈ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നത്. പങ്കെടുക്കുന്ന വേദികളിൽ എല്ലാം തന്നെ മഞ്ഞ നിറത്തിലുള്ള തലപ്പാവണിഞ്ഞാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. 

പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന കാലത്ത് തന്റെ മദ്യാസക്തി ഭഗവന്തിന് വിനയായിരുന്നു. പല വേദികളിലും മദ്യപിച്ചെത്തി വിവാദമുണ്ടാക്കുന്ന മാനിന്റെ ശീലം വിമർശനങ്ങൾക്ക് കാരണമായി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ മാൻ മുൻകാലങ്ങളിൽ നടത്തിയ ചില പ്രസംഗങ്ങളുടെ വിഡിയോകളും അദ്ദേഹത്തിനെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നതിനു തൊട്ടുമുമ്പായി അദ്ദേഹം താൻ മദ്യപാനം അവസാനിപ്പിക്കുന്നതായി പരസ്യശപഥം ചെയ്തു. അന്ന് വേദിയിലുണ്ടായിരുന്ന കെജ്‌രിവാൾ സുധീരമായ ഈ തീരുമാനത്തിന്റെ പേരിൽ മാനിനെ അഭിനന്ദിച്ചു എങ്കിലും, ബിജെപിയും കോൺഗ്രസും പിന്നീട് മാൻ ഈ പ്രതിജ്ഞ പാലിച്ചില്ല എന്ന് ആക്ഷേപമുന്നയിച്ചിരുന്നു. 

ദീർഘകാലമായി മാൻ ആം ആദ്മി പാർട്ടിയിൽ സജീവമായിരുന്നു എങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിക്കൊണ്ടുള്ള തീരുമാനം പാർട്ടിയിൽ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. പൊതുജനങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തി, 93 ശതമാനം പേരുടെയും പിന്തുണയോടെയാണ്  മാനിനെ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് അന്ന് കെജ്‌രിവാൾ പറഞ്ഞത്. ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയനെന്ന തന്റെ പൂർവ്വാശ്രമത്തെ മറക്കാൻ ശ്രമിക്കുന്ന മാൻ നാമനിർദേശ പത്രികയിൽ തന്റെ ഉപജീവനം രാഷ്ട്രീയം എന്നുതന്നെയാണ് കാണിച്ചിട്ടുള്ളത്.   നിലപാടിലുറച്ചാൽ പിന്നെ മാറാത്ത പഞ്ചാബ് ജനത അതുക്കും മേലെ നൽകിയാണ് ഇപ്പോൾ ഭഗവന്തിനെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കുന്നത്. 
 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു