കളം പിടിക്കാന്‍ തന്ത്രമൊരുക്കി അമിത് ഷാ; 17 സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് മാനേജര്‍മാരെ നിയോഗിച്ചു

By Web TeamFirst Published Dec 26, 2018, 7:00 PM IST
Highlights

നിര്‍ണായകമായ 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ മുന്‍ ഗുജറാത്ത് മന്ത്രി ഗോവര്‍ധന്‍ ജാഥാപിയയെയാണ് അമിത് ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 2013ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേശുഭായ് പട്ടേലിനൊപ്പം സ്വന്തം പാര്‍ട്ടി രൂപീകരിച്ച നേതാവാണ് ഗോവര്‍ധന്‍

ദില്ലി: പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അധികാരം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി മെനഞ്ഞു തുടങ്ങി. ഒരുക്കങ്ങളുടെ ആദ്യ ഘട്ടമായി 17 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാനായി മാനേജര്‍മാരെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചു.

നിര്‍ണായകമായ 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ മുന്‍ ഗുജറാത്ത് മന്ത്രി ഗോവര്‍ധന്‍ ജാഥാപിയയെയാണ് അമിത് ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 2013ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേശുഭായ് പട്ടേലിനൊപ്പം സ്വന്തം പാര്‍ട്ടി രൂപീകരിച്ച നേതാവാണ് ഗോവര്‍ധന്‍.

എന്നാല്‍, പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് തന്നെ തിരിച്ചെത്തി. ദളിത് നേതാവ് ദുഷ്യന്ത് ഗൗതമിനെയും നരോട്ടം മിശ്രയെയും ഗോവര്‍ധനെ സഹായിക്കാനായും നിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കരുത്തുറ്റ പാര്‍ട്ടികളായ സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്ര നിസാരമാകില്ല.

ഇതുകൊണ്ട് ഏറെ മുന്നൊരുക്കങ്ങള്‍ പാര്‍ട്ടിക്ക് യുപിയില്‍ നടത്തേണ്ടതുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന ഓം മാതുറിന് ഇത്തവണ ഗുജറാത്തിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെ പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് ഓം മാതൂര്‍.

കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറിന് രാജസ്ഥാന്‍റെ ചുമതലയാണ് നല്‍കിയത്. മറ്റൊരു മന്ത്രിയായ താവര്‍ചന്ദ് ഗെഹ്‍ലോട്ട് ഉത്തരഖണ്ഡിലും പ്രവര്‍ത്തിക്കും. ബിജെപി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അനില്‍ ജയിന്‍ എന്നിവര്‍ യഥാക്രമം ബീഹാര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

കേരളത്തില്‍ നിന്നുള്ള നേതാവും എംപിയുമായ വി മുരളീധരന് ആന്ധ്ര പ്രദേശിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം പാര്‍ട്ടി സെക്രട്ടറി ദിയോദര്‍ റാവുവും ഉണ്ട്. ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, പഞ്ചാബ്, തെലങ്കാന, സിക്കിം, അസം എന്നീ സംസ്ഥാനങ്ങളിലേക്കും നേതാക്കളെ പ്രത്യേക ചുമതല നല്‍കി അമിത് ഷാ നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍, ബിജെപിക്ക് ബാലികേറാമലയായ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ മാനേജര്‍മാരെ അയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 

click me!