Latest Videos

ലോക്സഭാ തെരഞ്ഞെടുപ്പ്; മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ പുന്നല ശ്രീകുമാര്‍ ?

By Web TeamFirst Published Dec 26, 2018, 1:07 PM IST
Highlights

ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന കെ പി എം എസ് സംസ്ഥാന പ്രസിഡന്‍റ് പുന്നല ശ്രീകുമാര്‍ മാവേലിക്കരയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാകുമോയെന്നാണ് രാഷ്ടട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്

ആലപ്പുഴ: സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഇത്തവണയും സീറ്റ് ഉറപ്പിച്ച് പ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ് സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷ്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റുകൂടിയായ കൊടിക്കുന്നിലിനു പകരക്കാരനെ മാവേലിക്കരയില്‍ കോണ്‍ഗ്രസ് ആലോചിക്കുന്നേയില്ല. എന്നാല്‍ സി പി ഐയുടെ സീറ്റില്‍ കെ പി എം എസ് സംസ്ഥാന പ്രസിഡന്‍റ് പുന്നല ശ്രീകുമാറിനെ രംഗത്തിറക്കാന്‍ ഇടത് മുന്നണിയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
 
കൊടിക്കുന്നില്‍ സുരേഷ് ആറ് തവണ ലോകസഭാംഗമായി. രണ്ട് തവണ പരാജയപ്പെട്ടു. രാഷ്ട്രീയ ജീവിതത്തിലെ 9 മത്തെ ലോകസഭ തെരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ് കെപിസിസിയുടെ ഈ വര്‍ക്കിംഗ് പ്രസിഡന്‍റ്. കോട്ടയം ആലപ്പുഴ കൊല്ലം ജില്ലകളിലായി കിടക്കുന്ന മാവേലിക്കര ലോകസഭ മണ്ഡലത്തില്‍ നിന്ന് ഇത്തവണ മൂന്നാം വട്ടമായിരിക്കും കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കുക. കൊടിക്കുന്നിലിനു പകരം മറ്റൊരു പേര് മാവേലിക്കരയില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല എന്നാണ് സൂചന. 

ഇടത് മുന്നണിയില്‍ സിപിഐക്കാണ് മാവേലിക്കര സീറ്റ്. കഴിഞ്ഞ തവണ ചെങ്ങറ സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ത്ഥിയായത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുന്നതേയുള്ളു. ചെങ്ങറക്കൊപ്പം പുതുമുഖങ്ങളേയും സിപിഐ ഇത്തവണ ഇവിടെ പരിഗണിക്കുന്നുണ്ട്. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്‍റ് സി എ അരുണ്‍കുമാറാണ് പാര്‍ട്ടി പരിഗണിക്കുന്ന പുതുമുഖങ്ങളില്‍ പ്രമുഖന്‍. 

എന്നാല്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന കെ പി എം എസ് സംസ്ഥാന പ്രസിഡന്‍റ് പുന്നല ശ്രീകുമാര്‍ മാവേലിക്കരയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാകുമോയെന്നാണ് രാഷ്ടട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്. വനിതാ മതിലിലടക്കം ഇടത് മുന്നണിക്ക് പിന്തുണ നല്‍കുന്ന പുന്നല ശ്രീകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ച് ഇടത് കേന്ദ്രങ്ങളില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മാവേലിക്കര വിട്ടു കൊടുക്കാന്‍ സി പി ഐ തയ്യാറായാല്‍ അപ്രതീക്ഷിത നീക്കങ്ങളാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടാവുക 

click me!