5 വർഷം കൊണ്ട് 50 ലക്ഷം തൊഴിലവസരങ്ങൾ; രാജസ്ഥാനിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

Published : Nov 27, 2018, 08:32 PM IST
5 വർഷം കൊണ്ട് 50 ലക്ഷം തൊഴിലവസരങ്ങൾ; രാജസ്ഥാനിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

Synopsis

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ 665 വാഗ്‍ദാനങ്ങളിൽ 630 എണ്ണവും പാലിച്ചെന്നാണ് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയുടെ അവകാശവാദം. അഞ്ച് വർഷം കൊണ്ട് അമ്പത് ലക്ഷം തൊഴിലവസരങ്ങൾ, തൊഴിലില്ലാത്തവർക്ക് മാസം 5000 രൂപ അലവൻസ് എന്നിവയാണ് മറ്റ് പ്രധാനവാഗ്ദാനങ്ങൾ.

ജയ്‍പൂർ: യുവാക്കളെയും കര്‍ഷകരെയും വനിതകളെയും ഒപ്പം നിര്‍ത്താൻ ഉന്നമിട്ട് രാജസ്ഥാനിൽ ബിജെപിയുടെ പ്രകടന പത്രിക. അഞ്ചു വര്‍ഷം കൊണ്ട് സ്വകാര്യമേഖലയിൽ 50 ലക്ഷം തൊഴിലവസരങ്ങളാണ് ബിജെപിയുടെ പ്രധാനവാഗ്‍ദാനം. ജയ്‍പൂരിൽ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയും കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

കാര്‍ഷിക പ്രതിസന്ധി സജീവ ചര്‍ച്ചയാകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കാര്‍ഷിക വായ്പാ എഴുതി തള്ളുമെന്നതാണ് കോൺഗ്രസ് നൽകുന്ന പ്രധാനവാഗ്‍ദാനം. അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളിൽ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം രാജസ്ഥാനിലെ വോട്ടര്‍മാര്‍ക്കും രാഹുൽ ഗാന്ധി നല്‍കുന്നു. കടുത്ത വരൾച്ചയിൽ വലഞ്ഞ കർഷകസമരം രാജസ്ഥാനെ പിടിച്ചു കുലുക്കിയിരുന്നു. ഇതേത്തുടർന്ന് അമ്പതിനായിരം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തയ്യാറായി. എന്നാൽ ഇത് മതിയാകില്ലെന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ വിളകൾക്ക് താങ്ങുവില ഉറപ്പാക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നുണ്ട്.

കാര്‍ഷിക മേഖലയിൽ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാൻ 250 കോടിയുടെ ഫണ്ടുണ്ടാക്കുമെന്നതാണ് മറ്റൊന്ന്. തൊഴിലില്ലായ്മ പ്രധാന ചര്‍ച്ചയായ രാജസ്ഥാനിൽ 21 വയസു കടന്ന തൊഴിലില്ലാത്ത അഭ്യസ്ത വിദ്യര്‍ക്ക് അയ്യായിരം രൂപ തൊഴിലില്ലായ്മാ വേതനവും ബിജെപി വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസിൽ വര്‍ഷം മുപ്പതിനായിരം പേർക്ക് തൊഴിൽ നല്‍കും

പെണ്‍കുട്ടികളുടെ ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കും. വനിതകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും എടുക്കും. സംസ്ഥാനത്തെ പ്രധാനനഗരങ്ങൾ ബന്ധിപ്പിച്ച് നാലുവരി പാതകളാണ് മറ്റൊരു വാഗ്ദാനം. 2013 ലെ പ്രകടന പത്രിക വാഗ്ദാനങ്ങളിൽ 95 ശതമാനവും നടപ്പാക്കാനായെന്നും വസുന്ധരെ രാജെ അവകാശപ്പെടുന്നു. 

അതേസമയം, കൃഷി, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് വസുന്ധരാ രാജെ സര്‍ക്കാരിനെതിരെ 21 ഇന കുറ്റപത്രം നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

"

 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു