തൃശൂരില്‍ വീണ്ടും മത്സരിക്കാനൊരുങ്ങി സി എന്‍ ജയദേവന്‍

By Web TeamFirst Published Feb 12, 2019, 1:22 PM IST
Highlights

തൃശൂരില്‍ വീണ്ടും മത്സരിക്കാനൊരുങ്ങി സിപിഐയുടെ സിറ്റിംഗ് എംപി സി എൻ ജയദേവൻ. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാൻ തയ്യാറാണെന്ന് സി എൻ ജയദേവൻ.

തൃശൂര്‍: തൃശൂരില്‍ വീണ്ടും മത്സരിക്കാനൊരുങ്ങി സിപിഐയുടെ സിറ്റിംഗ് എംപി സി എൻ ജയദേവൻ. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാൻ തയ്യാറാണെന്നും മാറി നില്‍ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നുമാണ് ജയദേവൻറെ നിലപാട്.

സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സിഎൻ ജയദേവന് തന്നെയാണ് മുൻതൂക്കം. നേരത്തെ കെ പി രാജേന്ദ്രന്‍റെ പേര് സജീവമായിരുന്നെങ്കിലും വാട്സ് ആപ് ഗ്രൂപ്പുകളില്‍ സിഎൻ ജയദേവനെ പരിഹസിക്കുന്ന ചില പരാമര്‍ശം നടത്തിയത് തിരിച്ചടിയായി. മാത്രമല്ല,സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരും തൃശൂര്‍ ജില്ല നേതൃത്വവും സി എൻ ജയദേവനൊപ്പമാണ്. എം പി എന്ന നിലയില്‍ സി എൻ ജയദേവൻ മികച്ച പ്രകടനം നടത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 39000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിഎൻ ജയദേവൻ യുഡിഎഫിന്‍റെ കെ പി ധനപാലനെ പരാജയപ്പെടുത്തിയത്. നിലിവില്‍ അതിലും സുരക്ഷിതമാണ് തൃശൂരെന്നാണ് എല്‍ഡിഎഫിന്‍റെ വിലയിരുത്തല്‍. മണ്ഡലത്തിന്‍റെ പലയിടങ്ങളിലും സിപിഐ-സിപിഎം തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.

വിജയസാധ്യതയുളള എ പ്ലസ് മണ്ഡലങ്ങളിലൊന്നായാണ് ബിജെപി തൃശൂരിനെ കണക്കാക്കുന്നതെങ്കിലും മൂന്നാം സ്ഥാനത്ത് മാത്രമെ അവര്‍ക്ക് എത്താനാകൂവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ശബരിമല പ്രശനത്തിന്‍റെ തുടര്‍ച്ചയായി കോണ്‍ഗ്രസിലെ കുറച്ച് വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചേക്കും. യുഡിഎഫിന് വേണ്ടി വി എം സുധീരനും ബിജെപിയ്ക്ക് വേണ്ടി കെ സുരേന്ദ്രൻ ഇറങ്ങിയാലും തൃശൂരിലെ വോട്ടര്‍മാര്‍ ഒപ്പം നില്‍ക്കുമെന്നാണ് സിപിഐയുടെ പ്രതീക്ഷ.

click me!