റാഞ്ചി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് ബിജെപിക്കൊപ്പമായിരുന്നു. അന്ന് 14 മണ്ഡലങ്ങളില്‍ 12ഉം ബിജെപി സ്വന്തമാക്കി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്ക് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് വലിച്ച് താഴെയിട്ട് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വെന്നിക്കൊടി പാറിച്ചു. ഈ തിളക്കമാര്‍ന്ന വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഹേമന്ത് സോറനായിരുന്നു. ബിജെപിയെ തറപറ്റിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് മൂന്നു ഘടകങ്ങളാണ്. 

പ്രാദേശിക വിഷയങ്ങള്‍ മനസ്സിലാക്കുകയും അതിനെപ്പറ്റി ജനങ്ങളോട് വ്യക്തമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു എന്നതാണ് ഒന്നാമത്തെ ഘടകം. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുത്തു എന്നതാണ് രണ്ടാമത്തേത്. മനുഷ്യത്വം നിറഞ്ഞ പെരുമാറ്റമാണ് ഹേമന്ത് സോറനെ ജനപ്രിയനാക്കിയ മൂന്നാമത്തെ ഘടകം. 

രണ്ടുമാസം നീണ്ടുനിന്ന ബദ്‍ലാവ് യാത്ര (മാറ്റത്തിന്‍റെ യാത്ര) ഹേമന്ത് സോറന്  അധികാരത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. പത്തിന കര്‍മ്മപദ്ധതിയാണ് തെരഞ്ഞെടുപ്പിന് മുമ്പായി ഹേമന്ത് സോറന്‍ ആവിഷ്കരിച്ചതും നടപ്പാക്കിയതും. ആ കര്‍മ്മകുശലതക്കു മുമ്പിലാണ് രഘുബര്‍ദാസിനും ബിജെപിക്കും മുട്ടുമടക്കേണ്ടി വന്നത്. 

പ്രശ്നപരിഹാരം നിര്‍ദ്ദേശിച്ചുള്ള ഹേമന്ത് സോറന്‍റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന (വീട് നിര്‍മ്മാണ പദ്ധതി) ഫലപ്രദമല്ലെന്നും പരിമിതികളുള്ളതാണെന്നും വിമര്‍ശിച്ച സോറന്‍ ശുചിമുറിയും അടുക്കളയും ഉള്‍പ്പെടുന്ന വീടുകള്‍ മൂന്നു ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കാമെന്ന് വാഗ്‍ദാനം ചെയ്തു. 

2018 മാര്‍ച്ചില്‍ 12 വിദഗ്ധരുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍ ഹേമന്ത് സോറന്‍ ആരംഭിക്കുന്നത്. ഈ സംഘാംഗങ്ങള്‍ വിഷയങ്ങള്‍ പഠിക്കുകയും വിവരങ്ങള്‍ സോറന് കൈമാറുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍, ദേശീയതലത്തിലും പ്രാദേശികമായും ചര്‍ച്ചയായ വിവാദ വിഷയങ്ങള്‍, നയങ്ങള്‍ സംബന്ധിച്ച ഗവേഷണം എന്നിവയെല്ലാം ഈ പഠനത്തിന്‍റെ ഭാഗമായി. 

ബിജെപിയും രഘുബര്‍ദാസും ഒരു വശത്ത് ഹേമന്ത് സോറനും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും മറുഭാഗത്ത് എന്ന തരത്തില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് മാതൃകയിലാണ് സോറനും സംഘവും കാര്യങ്ങള്‍ ആവഷ്കരിച്ചത്. ജനപ്രിയനും സ്വീകാര്യനുമായ ഹേമന്ത് സോറനും ധാര്‍ഷ്ട്യക്കാരനും കഠിനഹൃദയനുമായ രഘുബര്‍ദാസും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ സോറന്‍റെയും സംഘത്തിന്‍റെയും തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.

സോഷ്യല്‍ മീഡിയ വഴിയും ജനങ്ങളിലേക്ക് കൃത്യമായി എത്താന്‍ ഹേമന്ത് സോറനു കഴിഞ്ഞു. ജില്ലാതലത്തില്‍ വരെ സോഷ്യല്‍മീഡിയയില്‍ സജീവമായ പാര്‍ട്ടികള്‍ നമുക്ക് കുറവാണ്. ആ ഇടത്തേക്കാണ് സോറന്‍റെ തന്ത്രങ്ങള്‍ എത്തിയത്. പാര്‍ട്ടിയുടെ എല്ലാ റാലികളും പൊതുപരിപാടികളും തത്സമയം അങ്ങനെ ജനങ്ങളിലേക്കെത്തി. 

28 ദിവസം കൊണ്ട് 165 റാലികളില്‍ ഹേമന്ത് സോറന്‍ പങ്കെടുത്തെന്നാണ് പാര്‍ട്ടി നല്‍കുന്ന വിവരം. അതുകൂടാതെ വിവിധ സാമൂഹ്യ സംഘടനകളുമായും പൊതുപ്രവര്‍ത്തകരുമായും സര്‍ക്കാര്‍ ജീവനക്കാരുമായും തൊഴിലാളി സംഘടനകളുമായുമെല്ലാം സോറന്‍ നേരിട്ട് സംസാരിച്ചു.

ബിജെപിയുടെ വേരോട്ടത്തെ നേരിടാന്‍ സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും സോഷ്യല്‍ മീഡിയ വോളണ്ടിയര്‍മാരെ ജെഎംഎം ചുമതലപ്പെടുത്തി. അവര്‍ ഒന്നൊഴിയാതെ ജനങ്ങളുടെ വിഷയങ്ങളും പ്രശ്നങ്ങളും സോറനിലേക്കെത്തിച്ചു.  അങ്ങനെ ജനങ്ങളിലേക്ക് പരിഹാരവുമായി എത്താന്‍ സോറന് കഴിഞ്ഞു.

ബിജെപി പൗരത്വ ഭേഗദതി നിയമത്തിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയപ്പോള്‍ സോറന്‍ ജനങ്ങളെ അഭിസംബോധന ചെയ്തത് പ്രാദേശിക വിഷയങ്ങളിലൂന്നിയായിരുന്നു.

ഓക്സ്ഫോര്‍ഡ്, എസ്സെക്സ്, ടിസ് തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദഗ്ധരുമായി ചേര്‍ന്നാണ് പ്രചാരണ തന്ത്രങ്ങള്‍ ഹേമന്ത് സോറന്‍ ആവിഷ്കരിച്ചത്. ജനങ്ങളോടുള്ള സോറന്‍റെ വിനിമയം എല്ലായ്പ്പോഴും വികാരത്തിലൂന്നിയായിരുന്നു. ഹേമന്ത് സോറനെന്ന മനുഷ്യനെ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്‍റെ മനുഷ്യത്വം, ലാളിത്യം, ജനങ്ങളോടുള്ള അനുകമ്പയും പരിഗണനയും എന്നിവയെല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ ഈ തന്ത്രങ്ങളിലൂടെ കഴിഞ്ഞു.