രാജസ്ഥാനില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് മറുപടിയില്ല

By Web TeamFirst Published Dec 3, 2018, 1:39 PM IST
Highlights

ജയം ഉറപ്പിക്കുന്ന ഗെലോട്ട്, എന്നാല്‍ മുഖ്യമന്ത്രി ആരെന്ന് ഉറപ്പിച്ചു പറയുന്നില്ല. ദില്ലിയിൽ പാര്‍ട്ടയിൽ സുപ്രധാന പദവിയിലേക്ക് മാറിയെങ്കിലും രാജസ്ഥാനിൽ വീണ്ടും മല്‍സരിക്കുകയാണ് ഗെലോട്ട്.

ജയ്പൂര്‍: രാജസ്ഥാനിൽ കോണ്‍ഗ്രസിന്‍റെ ജയം ഉറപ്പിച്ച് അശോക് ഗെലോട്ട്. വന്‍ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന് മുന്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിൽ നിന്ന് ഗെലോട്ട് ഒഴിഞ്ഞു മാറി.

വസുന്ധരെ രാജെ സര്‍ക്കാരിനെതിരെ, പ്രത്യേകിച്ചും മുഖ്യമന്ത്രിക്കെതിരായ ജനവികാരത്തിൽ ഊന്നിയാണ് കോണ്‍ഗ്രസിന്‍റെ വിജയപ്രതീക്ഷ. ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ രാജസ്ഥാൻ രാഷ്ട്രീയത്തിൽ അതും തങ്ങള്‍ക്ക് അനുകൂലമാകുന്നുവെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. ബി ജെ പിയെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന രജപുത്തിന്‍റെ രോഷം അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. 

അതേസമയം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ജാട്ട് വോട്ടുകളിൽ ഹനുമാൻ ബെനിവാളിന്‍റെ പാര്‍ട്ടി വിള്ളലുണ്ടാക്കുമോയെന്ന ആശങ്കയുണ്ട് താനും. വിമത ഭീഷണിയും നിലനില്‍ക്കുന്നു. പക്ഷേ ഇതൊന്നും ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് ഗെലോട്ട് പ്രകടിപ്പിക്കുന്നത്.  

ജയം ഉറപ്പിക്കുന്ന ഗെലോട്ട്, എന്നാല്‍ മുഖ്യമന്ത്രി ആരെന്ന് ഉറപ്പിച്ചു പറയുന്നില്ല. ദില്ലിയിൽ പാര്‍ട്ടയിൽ സുപ്രധാന പദവിയിലേക്ക് മാറിയെങ്കിലും രാജസ്ഥാനിൽ വീണ്ടും മല്‍സരിക്കുകയാണ് ഗെലോട്ട്. സ്ഥാനാര്‍ത്ഥി പട്ടികയിൽ തന്‍റെ അനുകൂലികള്‍ക്ക് കാര്യമായ പ്രാതിനിധ്യവും നല്‍കി. പാര്‍ട്ടി വന്നാൽ ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്നാണ് അദ്ദേഹത്തിന്‍റെ അനുകൂലികളുടെ കണക്കുകൂട്ടല്‍.

പക്ഷേ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ സച്ചിൻ പൈലറ്റിനെ അദ്ദേഹത്തിന്‍റെ അനുകൂലികള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തുന്നു. സി പി ജോഷി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി പദം മോഹിക്കുന്നവരാണ്. 'നിങ്ങളുടെ സേനാത്തലവൻ ആര് ?' എന്ന് ചോദ്യവുമായി കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെ ബിജെപി മുതലാക്കുമ്പോള്‍ കോണ്‍ഗ്രസ് അണികള്‍ക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്.  

click me!