
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കവെ തൃക്കാക്കരയിൽ( Thrikkakara by election )ആംആദ്മി -ട്വന്റി 20 സഖ്യത്തിന്റ വോട്ട് തേടി യുഡിഎഫ്. മത്സരത്തിനിറങ്ങുമ്പോൾ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന മുഖവുരയോടെയാണ് നാലാം മുന്നണിയോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വോട്ടഭ്യര്‍ത്ഥിച്ചത്. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതിനോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ പുതിയ മുന്നണിയുടെ പിന്തുണ തേടുകയാണെന്നും കെ സുധാകരൻ വിശദീകരിച്ചു.
'തൃക്കാക്കരയിൽ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ പിടി തോമസിനുണ്ടായതിനേക്കാൾ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. എതിരാളിയുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നതാണ് രീതിയെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. ഡൽഹി പോലെയുള്ള സാഹചര്യമല്ല കേരളത്തിലുള്ളതെന്നും അതിനാൽ നാലാം ബദലിനുള്ള സാധ്യത കേരളത്തിൽ കുറവാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ആം ആദ്മിക്ക് കേരളത്തിൽ വലിയ കടന്നുകയറ്റം സാധ്യമല്ല. അതിനാൽ പുതിയ മുന്നണി കേരളത്തിൽ വെല്ലുവിളിയാകില്ല. പാർട്ടി എന്ന നിലക്ക് ട്വന്റി ട്വന്റിക്ക് എതിരെ നിലപാട് എടുക്കേണ്ട സാഹചര്യം കോൺഗ്രസിനെ ഉണ്ടായിട്ടില്ല. ട്വന്റി -20 മുമ്പ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചോർച്ച ഉണ്ടാക്കിയിട്ടുണ്ടെന്നും സുധാകരൻ സമ്മതിച്ചു.
വികസനത്തിന് വേണ്ടി വോട്ട് എന്ന ഇടത് മുന്നണി പ്രചാരണത്തെ പരിഹസിച്ച സുധാകരൻ, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണ് ഇടതിന്റെ വികസനമെന്നും പണമുണ്ടാക്കൽ മാത്രമാണ് ലക്ഷ്യംവെക്കുന്നതെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സൗന്ദര്യം നോക്കിയല്ല സംസ്ഥാനത്തുണ്ടായ വികസനം നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുക. കോൺഗ്രസ് കൊണ്ട് വന്ന വികസനം അടിച്ചുതകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. ഇടത് മുന്നണിഅടിസ്ഥാന വർഗത്തെ പരിഗണിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി തൊഴിലാളികളെ സമരമുഖത്ത് എത്തിക്കാനാണ് പോകുന്നതെന്നും ട്രേഡ് യൂണിയനുകൾ തമ്മിലുള്ള തർക്കം പ്രതിപക്ഷ സമരത്തെ ദുർബലപെടുത്തുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
AAP-Twenty20: കേരളത്തിലും രാഷ്ട്രീയ പ്രവേശനത്തിന് ട്വന്‍റി 20 യുമായി കൈ കോര്‍ത്ത് ആപ്പ്