ബിജെപിയുടെ 'റാഞ്ചല്‍' ഒഴിവാക്കാന്‍ കോണ്‍ഗ്രസ്; ഛത്തീസ്ഗഡില്‍ ഫലം വന്നാലുടന്‍ എംഎല്‍എമാരെ മാറ്റും

By Web TeamFirst Published Dec 5, 2018, 6:45 AM IST
Highlights

കർണാടകത്തിലെ മുൻകരുതൽ പാർട്ടിക്ക് ഗുണം ചെയ്തിരുന്നു. ഇത് ചത്തീസ്ഗഡിലും നടപ്പാക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ഉടന്‍ മുഴുവന്‍ എംഎല്‍എമാരെയും ഒരുസ്ഥലത്തേക്ക് മാറ്റും. അജിത് ജോഗിയുടെ സഖ്യം കൂടി എത്തിയതോടെ ഛത്തിസ്ഗഡില്‍ കടുത്ത പോരാട്ടമാണ് നടന്നത്

റായ്പൂര്‍: പല സംസ്ഥാനങ്ങളിലും ലഭിച്ച തിരിച്ചടികളിൽ നിന്ന് പാഠം പഠിച്ച് കോൺഗ്രസ്. കർണാടക മാതൃക ഛത്തീസ്ഗഡിലും പരീക്ഷിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഫലം പുറത്ത് വന്നാലുടന്‍ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരെയും  കോൺഗ്രസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റും.

കുതിരക്കച്ചവടക്കാരില്‍ നിന്ന് എംഎൽഎമാരെ സംരക്ഷിക്കുകയാണ് ലക്ഷ്യം. മണിപ്പൂര്‍ , ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നല്‍കിയ പാഠങ്ങളാണ് കോണ്‍ഗ്രസിന്‍റെ കണ്ണ് തുറപ്പിച്ചിരിക്കുന്നത്. രണ്ടിടത്തും ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ് ആണ്.

എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കുന്നതിനും ഇതിനായി കൃത്യമായ ആസൂത്രണം നടത്തുന്നതിലും പിഴവ് പറ്റിയതോടെ ബിജെപി അധികാരത്തിലേറി. ഈ സാഹചര്യം ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഹൈക്കമാന്‍റിന്‍റെ കര്‍ശന നിര്‍ദേശം.

കർണാടകത്തിലെ മുൻകരുതൽ പാർട്ടിക്ക് ഗുണം ചെയ്തിരുന്നു. ഇത് ചത്തീസ്ഗഡിലും നടപ്പാക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ഉടന്‍ മുഴുവന്‍ എംഎല്‍എമാരെയും ഒരുസ്ഥലത്തേക്ക് മാറ്റും. അജിത് ജോഗിയുടെ സഖ്യം കൂടി എത്തിയതോടെ ഛത്തിസ്ഗഡില്‍ കടുത്ത പോരാട്ടമാണ് നടന്നത്.

കുതിരക്കച്ചവടത്തിനുള്ള സാധ്യത ഇതുകൊണ്ട് ഏറെയാണെന്ന് പാര്‍ട്ടി കണക്കാക്കുന്നു. ഇതോടെയാണ്  എംഎല്‍എമാരെ സംരക്ഷിച്ച് നിര്‍ത്താനുള്ള തീരുമാനമെടുത്തത്. ഇതിനായി ചത്തീസ്ഗഡിലും പുറത്തുമുള്ള റിസോർട്ടുകൾ പരിഗണിക്കുന്നുണ്ട്.

ഒന്നരപതിറ്റാണ്ടിന് ശേഷം അധികാരത്തില്‍ ഏത് വിധേനയും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രമണ്‍ സിംഗ് സര്‍ക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം ഇത്തവണ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗസ് കരുതുന്നു.

തൂക്കു നിയമസഭയ്ക്കാണ് സാധ്യതയെന്നും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. മണിപ്പൂര്‍ ,ഗോവ ചരിത്രം ആവര്‍ത്തിക്കാതെ സര്‍ക്കാരുണ്ടാക്കാനുളള സാധ്യതകള്‍ പരാവധി ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. 

click me!